
കോന്നി : കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിക്കും. കലഞ്ഞൂർ കൊട്ടന്തറയിൽ 55.5 ലക്ഷം രൂപ ചെലവിലാണ് ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത് അഞ്ച് സെന്റ് സ്‌ഥലം ലഭ്യമാക്കിയിരുന്നു.
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13,15,16 വാർഡുകൾക്കായുള്ള ഇടത്തറ സബ്‌സെന്റർ ദീർഘനാളായി കൊട്ടന്തറ അങ്കണവാടിയുടെ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും. കാത്തിരിപ്പ് സ്ഥലം, ഇങ്കുബേഷൻ റൂം, പരിശോധന മുറി, ശുചിമുറി എന്നിവയാണ് കെട്ടിടത്തിലുള്ളത്.