office
തിരുവല്ല വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമ്മാണം മുടങ്ങിയ നിലയിൽ

തിരുവല്ല : സാമ്പത്തിക പ്രശ്നങ്ങളും നിർമ്മാണത്തിലെ വൈകല്യങ്ങളും കാരണം തിരുവല്ല വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയാകാതെ മുടങ്ങി. താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്ന് റവന്യു ടവറിലേക്കുള്ള റോഡരുകിൽ 2020ൽ തുടങ്ങിയ നിർമ്മാണ ജോലികളാണ് അന്തിമഘട്ടത്തിൽ നിലച്ചത്. ഈ കെട്ടിടത്തിന് എതിർവശത്തായി നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് അപര്യാപ്തതകളെ തുടർന്ന് 2018ൽ റവന്യൂ ടവറിലെ മൂന്നാം നിലയിലേക്കു മാറി. പിന്നീട് പുതിയ കെട്ടിടത്തിന്റെ പണികൾ ഇവിടെ ആരംഭിക്കുകയായിരുന്നു. നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു വില്ലേജ് ഓഫീസിന്റെ നിർമ്മാണ ജോലികൾ. പരിസരമെല്ലാം കാടുകയറിയ നിലയിലാണ്. വികസന സമിതി യോഗത്തിൽ വിഷയം ചർച്ചയായെങ്കിലും പണികൾ പുനരാരംഭിച്ചിട്ടില്ല.വില്ലേജ് ഓഫീസ് കെട്ടിടം പൂർത്തിയാകാത്തതിനാൽ റവന്യു ടവറിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലെത്താൻ പൊതുജനങ്ങളും ജീവനക്കാരുമെല്ലാം വിഷമിക്കുകയാണ്. റവന്യൂ ടവറിലെ ലിഫ്റ്റുകൾ തകരാറിലായതിനാൽ പടികൾ കയറി കുഴയുകയാണ് ജനങ്ങൾ.

നിർമ്മാണത്തിൽ പിഴവുകളെന്ന് ആരോപണം


നഗരത്തിലെ തിരക്കേറിയ ഭാഗത്തായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം കോൺക്രീറ്റ് ചതുരക്കൂട് പോലെയാണ്. 45ലക്ഷം രൂപ ചെലവിൽ മനോഹരമായി നിർമ്മിക്കാവുന്ന കെട്ടിടത്തിൽ നിരവധി പിഴവുകൾ ഉണ്ടെന്നാണ് ആരോപണം.കെട്ടിടത്തിന്റെ മുന്നിലായി രണ്ട് ടോയ്ലെറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ തറ മുന്നിലെ വരാന്തയേക്കാൾ ഉയരത്തിലാണ്. ഇതുകാരണം ടോയ്ലെറ്റിലെ വെള്ളം വരാന്തയിലേക്ക് ഒഴുകും. വില്ലേജ് ഓഫീസ് അധികൃതർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ടൈലിന്റെ ഭാഗം വയ്ക്കുക മാത്രമാണ് ചെയ്തത്. ഓഫീസ് കെട്ടിടത്തിന്റെ ഉള്ളിലെ രണ്ട് ടോയ്ലറ്റിലെ വെള്ളം പോകാനുള്ള പൈപ്പ് വാതിലിനോടു ചേർത്താണ് ചെയ്‌തിരിക്കുന്നത്‌.ഓഫീസ് മുറിക്കുള്ളിലേക്ക് വെള്ളം കയറാനുള്ള സാദ്ധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെ ക്യാബിനുകൾ നിർമ്മിച്ച പ്ലൈവുഡുകൾക്ക് നിലവാരമില്ലെന്നും പരാതിയുണ്ട്. ഓഫീസിന്റെ മുന്നിലെ റാമ്പിൽ കയറണമെങ്കിൽ യു ടേൺ വേണ്ടിവരും. സ്റ്റീൽ പൈപ്പുകൾ കൂട്ടിയോജിപ്പിച്ചിട്ടുള്ള കൈവരി നിർമ്മിച്ചപ്പോൾ ഇരുമ്പിൽ വെൽഡിംഗിന് ഉപയോഗിച്ചതിനാൽ കറുത്ത നിറത്തിലായി. നിർമ്മാണത്തിലെ അപാകതകൾ റവന്യൂ അധികൃതർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

..................
വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണത്തിന്റെ പണം കിട്ടാത്തതിന്റെ പേരിലാണ് നിർമ്മാണം നടത്താത്തതെന്നാണ് കരാറുകാർ പറയുന്നത്.
(റവന്യു അധികൃതർ )

.............

നിർമ്മാണം തുടങ്ങിയത് 2020ൽ

നിർമ്മാണച്ചെലവ് 45 ലക്ഷം