
പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വരവറിയിച്ച് നഗരത്തിൽ നടന്ന വിളംബര ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയിൽ വീട്ടമ്മമാരുടെ തിരുവാതിര മുതൽ പുലികളിയും മലബാർ തെയ്യവും ശിങ്കാര കാവടിയും ആദിവാസി നൃത്തവും പ്ലോട്ടുകളും തെരുവിൽ നിറഞ്ഞതോടെ നഗരത്തിൽ ആവേശത്തിരയിളകി.
സംഘാടകസമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നേതൃത്വം നൽകി. വൈസ് ചെയർമാൻ എ.ജാസിംകുട്ടി, ജനറൽ കൺവീനർ എം.എസ്.സുരേഷ്, രഘുനാഥൻ ഉണ്ണിത്താൻ, സംഘാടകസമിതി അംഗങ്ങളായ ആമിന ഹൈദരാലി, കെ.ആർ.അജിത് കുമാർ, പി.കെ.അനീഷ്, അഡ്വ.എ.സുരേഷ് കുമാർ, സി.കെ.അർജുനൻ, ആർ.സാബു, മേഴ്‌സി വർഗീസ്, അനില അനിൽ, ശോഭ കെ.മാത്യു, വിമല ശിവൻ, ആൻസി തോമസ്, വി.ആർ.ജോൺസൺ, അംബികാ വേണു, മീനു മോഹൻ, ഷൈലജ.എസ്, സുജാഅജി, എസ്.ഷീല , സുമേഷ് ബാബു, ആനി സജി, കെ.അനിൽകുമാർ, എ.ഗോകുലേന്ദ്രൻ, റോയ് വർഗീസ് മത്തായി, അശോക് കുമാർ, പി.കെ.ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര ചലച്ചിത്രമേള,
ആട്ടത്തോടെ ഇന്ന് തുടക്കം
പത്തനംതിട്ട : പത്തനംതിട്ട ആദ്യമായി ആതിഥ്യമരുളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് വൈകുന്നേരം 4.30ന് തിരി തെളിയും. ഐശ്വര്യ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ.കരുൺ ഉദ്ഘാടനം നിർവഹിക്കും.
സംഘാടകസമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. ആന്റോ ആന്റണി എം.പി ഫെസ്റ്റിവൽ ലോഗോ സമ്മാനദാനം നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയാകും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, സംഘാടകസമിതി വൈസ് ചെയർമാൻ കെ.ജാസിംകുട്ടി, ജനറൽ കൺവീനർ എം.എസ്.സുരേഷ് തുടങ്ങിയവർ സംസാരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആനന്ദ് ഏകർഷിച്ച ചിത്രം ആട്ടം പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ 4 സ്ക്രീനുകളിലായി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്ക്രീൻ രണ്ട്, മൂന്ന്, രമ്യ, ടൗൺഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന പ്രദർശനങ്ങൾ കാണാൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയായവർക്ക് അവസരം ലഭിക്കും. ഫെസ്റ്റിവൽ കിറ്റ് ഏറ്റുവാങ്ങാത്ത പ്രതിനിധികൾ സംഘാടകസമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെലിഗേറ്റ് കമ്മിറ്റി അറിയിച്ചു.