07-mlpy-bridge-2

മല്ലപ്പള്ളി: വലിയ പാലം എന്ന പേരിൽ അറിയപ്പെടുന്ന പാലം വർഷങ്ങളുടെ പെരുമയേറുമ്പോഴും ദുരിതമാണ് താലൂക്ക് നിവാസികൾക്ക് സമ്മാനിക്കുന്നത്. ഇരു ദിശകളിലേക്കും പോകുന്നതിന് പാലത്തിൽ വലിയ വാഹനങ്ങൾ കയറിയാൽ ടൗണിലും പരിസരത്തും ഗതാഗതം നിശ്ചലമാകും. കോട്ടയം- ​കോഴഞ്ചേരി സംസ്ഥാനപാതയിലുള്ള ഏക ഇടുങ്ങിയ പാലമാണ് മല്ലപ്പള്ളിയിലേത്. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ മണിമലയാറ്റിലെ പൂവനക്കടവിൽ നിർമ്മിച്ച പാലത്തിന് 6 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1954 സെപ്തംബർ 19നാണ് പാലം ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ജില്ലയിലെ പ്രധാന പാലങ്ങളിൽ ഒന്നാണെങ്കിലും ഒരേസമയം ഇരു ദിശകളിലേക്കും പോകുവാൻ കഴിയാറില്ല. ഒരു വാഹനം പാലത്തിൽ കൂടി കയറുമ്പോൾ മറ്റൊരു വാഹനം കാത്തുകിടക്കണം. ഇതിന് മാറ്റം ഉണ്ടായാൽ ഗതാഗതക്കുരുക്കാവും ടൗണിലെ സ്ഥിതി. മല്ലപ്പള്ളി താലൂക്കിൽ കുളത്തൂർമൂഴി,കടൂർക്കടവ്, കാവനാൽക്കടവ്,പടുതോട്,കറുത്തവടശേരി ക്കടവ് എന്നിവിടങ്ങളിൽ പുതിയ പാലം പണിതു.വെണ്ണിക്കുളം കോമളം കടവിൽ പുതിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലുമാണ്. വർഷങ്ങൾക്കു മുമ്പ് താലൂക്കിന്റെ വികസനത്തിന് പാലം പ്രയോജനപ്പെട്ടുവെങ്കിലും മല്ലപ്പള്ളി ടൗണിലെയും സമീപത്തെയും നിലവിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയാത്തത് താലൂക്ക് പ്രദേശത്തെ വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

--------------

ഗതാഗതക്കുരുക്ക് പതിവ്

...................................
കഴിഞ്ഞദിവസം നാഷണൽ പെർമിറ്റ് ലോറിയും ബസും പാലത്തിൽ ഒരേസമയം പ്രവേശിച്ചത് അരമണിക്കൂറോളം ഗതാഗതക്കുരുക്കിന് ഇടയാക്കി. മല്ലപ്പള്ളിയുടെ സമഗ്ര വികസനത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി പുതിയ പാലം നിർമ്മിക്കുന്നതിന് അധികൃതർ പദ്ധതി വിഭാവനം ചെയ്യണം"

മനോജ്
(ടാക്‌സി ഡ്രൈവർ)

...................

പാലം ഉദ്ഘാടനം ചെയ്തത് 1954 സെപ്തംബർ 19ന്