
നിലയ്ക്കൽ : ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിലേക്കുള്ള കുടിവെള്ള പദ്ധതി ഈ തീർത്ഥാടന കാലത്ത് പൂർത്തിയാകുമോ എന്നു സംശയം. പദ്ധതി ഉടനെ കമ്മിഷൻ ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണികൾ ഏറെ തീരാനുണ്ട്. നിലവിൽ 65ശതമാനം പൂർത്തിയായി. നിലയ്ക്കലിൽ വലിയ മൂന്ന് കോൺക്രീറ്റ് വാട്ടർ ടാങ്കുകളിൽ ഒന്നു മാത്രമാണ് പൂർത്തിയാകാറായത്. മുകളിലെ സ്ളാബിന്റെ പണി പുരോഗമിക്കുന്നു. മറ്റ് രണ്ട് വാട്ടർ ടാങ്കുകളുടെ കോൺക്രീറ്റിംഗിനുള്ള കമ്പികൾ കെട്ടുന്ന ജോലികളാണ് നടക്കുന്നത്.
ആങ്ങമൂഴി തത്തയ്ക്കാമണ്ണിൽ രണ്ടും പ്ളാപ്പള്ളിയിൽ ഒന്നും പമ്പ് ഹൗസുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും മോട്ടോറുകൾ സ്ഥാപിക്കാൻ വൈദ്യുതി കണക്ഷന് അനുമതി കിട്ടാനുണ്ട്. 175 ഹോർസ് പവറുള്ള മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. സീതത്തോട്ടിൽ കക്കാട്ടാറിൽ നിന്ന് വെള്ളം ശേഖരിച്ച് പ്ളാന്റിൽ ശുദ്ധീകരിച്ച് തത്തക്കാമണ്ണിലെയും പ്ളാപ്പള്ളയിലെയും പമ്പ് ഹൗസുകളിലെ ടാങ്കിൽ എത്തിക്കും. അവിടെ നിന്ന് നിലയ്ക്കലിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ചാണ് വിതരണം.
130 കോടിയുടെ പദ്ധതി, 2016ൽ തുടങ്ങി,
കാലപരിധി നിശ്ചയിച്ചിരുന്നത് 3 വർഷം
നിലയ്ക്കലിൽ പൂർത്തിയാകാനുള്ളത് 20ലക്ഷം ലിറ്റർ വീതം
സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ
എട്ടുവർഷമായി ഇഴയുന്നു
പദ്ധതി പ്രവർത്തനം തുടങ്ങിയത് മുതൽ ഇഴഞ്ഞുനീങ്ങുകയാണ്. കരാർ ഏറ്റെടുത്തയാൾ പണി പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തിയതുകൊണ്ട് പദ്ധതി തടസപ്പെട്ടു. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. കോയമ്പത്തൂർ ആസ്ഥാനമായ ആർ.പി.പി കമ്പനിയാണ് ഇപ്പോൾ നിർമ്മാണം നടത്തുന്നത്.
26 കിലോമീറ്റർ
സീതത്തോട്ടിൽ കക്കാട്ടാറിൽ നിന്ന് 26 കിലോമീറ്റർ പൈപ്പ് ലൈൻ വഴി നിലയ്ക്കലിൽ എത്തിക്കുന്നതാണ് പദ്ധതി. സീതത്തോട്, പ്ളാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും പൈപ്പ്ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാം. 4500 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടും.
തുരങ്കം വയ്ക്കുന്നത് കുടിവെള്ള ലോബി
നിലയ്ക്കൽ കുടിവെള്ള പദ്ധതിക്ക് തുടക്കം മുതൽ തുരങ്കം വയ്ക്കുന്നത് കുടിവെള്ള ലോബിയാണ്. പമ്പയിൽ നിന്ന് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതാണ് നിലവിലെ രീതി. ഇതിന് കോടികളുടെ കരാറാണ് നൽകുന്നത്.