palam
പണിയിഴഞ്ഞ് നീങ്ങുന്ന ഏഴംകുളത്തെ കനാൽ പാലം

അടൂർ : ഏഴംകുളം കൈപ്പട്ടൂർ റോഡിൽ ഏഴംകുളം ദേവീക്ഷേത്രത്തിന് സമീപമുള്ള കനാൽ പാലം പൊളിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നിർമ്മാണം ഇഴയുന്നു. പുതിയ പാലത്തിന്റെ പകുതി പണികൾ പോലും ഇതുവരെയും തീർത്തിട്ടില്ല. പാലം പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. ഏഴംകുളം ക്ഷേത്രത്തിനു സമീപമുള്ളവരും എൽ.പി സ്കൂളിന് സമീപമുള്ളവരും കിലോമീറ്റർ ചുറ്റിയാണ് ഇരുവശത്തേക്കും പോകുന്നത്. ഇതിനായി കനാലിന്റെ വശങ്ങളിലൂടെയുള്ള യാത്രയും ഏറെ അപകടം നിറഞ്ഞതാണ്. സംരക്ഷണ വേലി ഇല്ലാത്ത കനാൽ റോഡുകളിൽ കാട് പടർന്നിട്ടുണ്ട്. പാലം പൊളിക്കുന്നതിനു മുൻപ് ബദൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അന്ന് പ്രതിഷേധം നടത്തിയിരുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്താനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്ന വിഷയം. അന്ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഇതിന് പരിഹാരം ഒരുക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. സ്കൂളിലെത്താൻ സമീപത്തെ അക്വഡേറ്റ് വൃത്തിയാക്കി വഴിയൊരുക്കി. പക്ഷേ ഇതെല്ലാം വീണ്ടും കാടുകയറിയ അവസ്ഥയിലാണ്.

നടപ്പാലം വേണമെന്ന ആവശ്യം ശക്തം

മണ്ഡലകാലത്ത് ഒട്ടേറെ അയ്യപ്പഭക്തർ സഞ്ചരിക്കുന്ന പാതയാണിത്. നട തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പാലം പണിയിലെ മെല്ലെപ്പൊക്ക് എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. പുനലൂർ- കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നും ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാർക്ക് വേഗത്തിൽ എത്തിച്ചേരുവാൻ വേണ്ടി ഉപയോഗിക്കാവുന്ന പാതയാണ് കൈപ്പട്ടൂർ റോഡ്. മണ്ഡലകാലത്ത് അയ്യപ്പന്മാർ കൂടുതൽ ദൂരം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. തമിഴ്നാട്ടിൽ നിന്ന് അടക്കമുള്ള ധാരാളം അയ്യപ്പ ഭക്തർ ഏഴംകുളം ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. പാലത്തിന്റെ ഒരുഭാഗത്ത് അയ്യപ്പന്മാരുടെ വാഹനം നിറുത്തി അയ്യപ്പന്മാർക്ക് ക്ഷേത്രത്തിലേക്ക് നടന്നു കയറാനുള്ള നടപ്പാലം പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

...............................

ഏഴംകുളം കൈപ്പട്ടൂർ റോഡ് നവീകരണത്തിലെയും ഏഴംകുളം പാലം നിർമ്മാണത്തിലെയും മെല്ലെപ്പോക്ക് ഏഴംകുളം ദേവീക്ഷേത്രത്തിലെ ഉത്സവകാലത്തെയും ശബരിമല മണ്ഡല തീർത്ഥാടന കാലത്തെയും സാരമായി ബാധിക്കും. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം.

...................

സി.പ്രമോദ് കുമാർ

സെക്രട്ടറി,

ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന

...............

പാലം പൊളിച്ചിട്ട് 3 മാസം