കോന്നി: അട്ടചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ പുതുക്കുളം മുതൽ ചെങ്ങറ റേഷൻകടപടി വരെയുള്ള സ്ഥലങ്ങളിൽ റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. രാത്രികാലങ്ങളിൽ മലയാലപ്പുഴ കോന്നി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ഫ്ലാറ്റുകളിൽ നിന്നുള്ള മാലിന്യമാണ് വാഹനങ്ങളിൽ കൊണ്ടുവന്ന്‌ റോഡരികിൽ വലിച്ചെറിയുന്നത്. ഇറച്ചി കടകളിലെ മാലിന്യം വരെ റോഡരികിൽ തള്ളുന്നുണ്ട്. റോഡരികിൽ പതിവായി മാലിന്യം തള്ളുന്നതോടെ ഇവിടെ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. റോഡിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ റോഡരികിലാണ് കൂടുതലായി മാലിന്യങ്ങൾ വലിച്ചെറിയുന്നത്. പുതുക്കുളം മുതൽ ചെറത്തിട്ട ജംഗ്ഷൻ വരെ വരെയുള്ള റോഡിലെ ഭാഗങ്ങൾ ജനവാസ മേഖലകൾ അല്ലാത്ത റബർ തോട്ടമാണ്. ഇവിടെ പതിവായി മാലിന്യം വലിച്ചെറിയുന്നതിനെ തുടർന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് മുമ്പ് രാത്രികാലങ്ങളിൽ വാച്ച്മാൻമാരെ ഡ്യൂട്ടിയിൽ നിയോഗിച്ചിരുന്നു. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ വലിച്ചെറിയുന്ന മാലിന്യം തെരുവ് നായ്ക്കൾ കടിച്ചു വലിച്ച് റോഡിൽ ഇടുന്നതും പതിവാണ്. ഇത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും തോട്ടത്തിലെ തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.