പത്തനംതിട്ട : വാഹനാപകടത്തിൽ മരിച്ച അലൂമിനിയം ഫേബ്രിക്കേഷൻ ജോലിക്കാരൻ കിരൺകുമാറിന്റെ ജീവൻ നഷ്ടപ്പെട്ടതിന് 26.92 ലക്ഷം ആവശ്യപ്പെട്ട ഹർജിയിൽ 36.28 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് പത്തനംതിട്ട മോട്ടോർ ആക്‌​സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ജി.പി. ജയകൃഷ്ണൻ ഉത്തരവിട്ടു. ന്യായമായ നഷ്ടപരിഹാരം എന്നത് സാഹചര്യമനുസരിച്ച് ഹർജിക്കാർക്കുണ്ടായ നഷ്ടത്തിന് സമാനമായിരിക്കണമെന്ന് ഹൈക്കോടതി 2020 ൽ പുറപ്പെടുവിച്ച വിധിയുടെ തത്വങ്ങൾ പാലിച്ചാണ് ഉയർന്ന നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിട്ടത്. 2019 സെപ്റ്റംബറിൽ വെണ്ണിക്കുളത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച കിരൺകുമാറി(22)ന്റെ അവകാശികളായ അമ്മയും രണ്ടു സഹോദരിമാരും ചേർന്ന് അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. ടി.എം. വേണുഗോപാൽ (മുളക്കുഴ) എന്നിവർ മുഖേന നൽകിയ അപേക്ഷയിലാണ് കോടതിവിധി. ഹർജിയിൽ 35.22 ലക്ഷം ആവശ്യപ്പെട്ടപ്പോൾ കോടതി 37.96 ലക്ഷവും പലിശയും കോടതിചെലവും അനുവദിച്ചു. ന്യൂ ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനി പലിശ ഉൾപ്പെടെ 57.62 ലക്ഷം കെട്ടിവയ്ക്കാൻ എം.എ.സി.ടി. കോടതി നിർദ്ദേശിച്ചു.