പത്തനംതിട്ട : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യ സോൺ 22 സോൺ കോൺഫറൻസ് ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ സോൺ പ്രസിഡന്റ് ജെ. എഫ്.എസ്. അഷറഫ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ ഇന്ത്യ സോൺ പ്രസിഡന്റ് അഡ്വ.സി.ആർ.രഖേഷ് ശർമ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കും. 2024ൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജെ.സി.ഐ ലോമുകൾക്ക് അവാർഡുകൾ നൽകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും നൂറോളം ലോമുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം കുടുംബാംഗങ്ങൾ പങ്കെടുക്കും. ജെ.സി എക്‌സിക്യൂട്ടീവ് ഓഫീസർ വികാസ് ഗൂഗ്ലിയ,മുൻ ദേശീയ അദ്ധ്യക്ഷൻമാരായ അഡ്വ. എ.വി.വാമൻകുമാർ, അനീഷ്.സി. മാത്യു മുൻ സോൺ പ്രസിഡന്റുമാരായ ശ്യാംകുമാർ, അനിൽ എസ് ഉഴത്തിൽ, അനൂപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഞായറാഴ്ച ഹരിപ്പാട് എം.സി.എം ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സോൺ പ്രസിഡന്റ് റിപ്പോർട്ട് 2025 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. ജെ.സി.ഐ ഹരിപ്പാടാണ് സോൺ കോൺഫറൻസ് ആതിഥേയത്വം വഹിക്കുന്നത്. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ രജനികാന്ത്.സി. കണ്ണന്താനം, ഹരിപ്പാട് പ്രസിഡന്റ് വിഷ്ണു.ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകും.