തിരുവല്ല : കനത്തമഴയിൽ വീടിനുള്ളിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. തീപ്പനി കട്ടത്തറ വീട്ടിൽ പൊന്നമ്മ ഡാനിയേൽ (72) ആണ് വീടിനുള്ളിൽ കുടുങ്ങിപ്പോയത്. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ വീടിനുള്ളിൽ വെള്ളം ഉയരുകയായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി വീട്ടമ്മയെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എൻ.ആർ. ശശികുമാർ, ഉദ്യോഗസ്ഥരായ സണ്ണി, അശോക്, ജി.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.