ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനുവരി 20 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ സരസ് ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കും. മേളയുടെ വിജയത്തിനായി മന്ത്രി സജി ചെയർമാനും ജില്ലാ കളക്ടർ അലക്‌സ് വർഗീസ് കൺവീനറും ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത്.എസ് ജോയിന്റ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. അനിൽ പി. ശ്രീരംഗമാണ് പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ. അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ, പരമ്പരാഗത കൈത്തൊഴിലുകാർ എന്നിവർക്ക് സ്ഥിരവരുമാനലഭ്യതയും ജീവിത പുരോഗതിയുമാണ് സരസ് ഉത്പന്ന പ്രദർശന വിപണന മേളകളുടെ ലക്ഷ്യം. ഇടനിലക്കാരില്ലാതെ നേരിട്ട് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്താൻ മേള വേദിയൊരുക്കും.കേരളം ഉൾപ്പെടെ 28 സംസ്‌ഥാനങ്ങളിൽ നിന്നായി 300 സ്‌റ്റാളുകൾ മേളയിലുണ്ടാകും. 1,50,000 ചതുരശ്ര അടി വിസ്ത‌ീർണത്തിലാണ് പവലിയൻ. എല്ലാ ദിവസവും വിവിധ കലാപരിപാടികളും സെമിനാറുകളും പവലിയനോട് ചേർന്നുള്ള 2 വേദികളിലായി അരങ്ങേറും. അമ്യൂസ‌്സ്മെന്റ്റ് പാർക്ക്, ഫ്ളവർഷോ, പെറ്റ് ഷോ, ബുക്ക് ഫെയർ എന്നിവയും ഉണ്ടായിരിക്കും. ഗ്രീൻ പ്രോട്ടോക്കാൾ അനുസരിച്ച് ആയിരിക്കും പ്രദർശനം. പ്രവേശനം സൗജന്യം.