vc

പത്തനംതിട്ട: ഗവി, കൊച്ചുപമ്പ വിനോദസഞ്ചാരികൾക്കായി പത്തനംതിട്ട ശുചിത്വ മിഷൻ വിപുലമായ സൗകര്യങ്ങളൊരുക്കും. ഗവിയിലും കൊച്ചുപമ്പയിലുമായി കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെയും സീതത്തോട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ശുചിത്വ മിഷൻ പദ്ധതികൾ നടപ്പാക്കുന്നത്. രണ്ട് ഇടങ്ങളിലുമായി 30 യൂണിറ്റ് കംഫർട്ട് സ്റ്റേഷനും ഖരമാലിന്യ സംസ്‌കരണത്തിനായി ഉയർന്ന നിലവാരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകളുമാണ് സ്ഥാപിക്കുന്നത്.

പത്തനംതിട്ട ശുചിത്വ മിഷനും കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനും സീതത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ യോഗത്തിലാണ് നിർണയക പദ്ധതികൾക്ക് വഴിയൊരുങ്ങിയത്. ഗവിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഈ പദ്ധതി സഹായകരമാകും.

2 പ്ലാന്റുകൾ

@ ഗവിയിലും കൊച്ചുപമ്പയിലുമായി രണ്ട് ബയോഗ്യാസ് പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്.

@ പദ്ധതികൾക്കായി ശുചിത്വ മിഷൻ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫണ്ടായി 70 ശതമാനം നൽകും.

@ ശേഷിക്കുന്ന പദ്ധതി വിഹിതത്തിന്റെ 30 ശതമാനം സീതത്തോട് ഗ്രാമപഞ്ചായത്തും കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനും ചേർന്ന് ചെലവാക്കും.

@ കംഫർട്ട് സ്റ്റേഷനായി മുപ്പത് ലക്ഷം രൂപയാണ് ചെലവാക്കുക.

@ ബയോഗ്യാസ് പ്ലാന്റുകൾ എഴുപത് ലക്ഷം രൂപയോളം ചെലവാകും.

സഞ്ചാരികൾക്ക് ആശ്വാസമാകും

ഗവി, കൊച്ചുപമ്പ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന കംഫർട്ട് സ്റ്റേഷനുകൾ ഈ പാതയിലില്ല. പദ്ധതി നടപ്പാക്കിയാൽ സഞ്ചാരികൾക്ക് ഇതൊരു ആശ്വാസമാകും.

1കോടി രൂപയുടെ പദ്ധതി

മാർച്ചിൽ നിർമ്മാണം തുടങ്ങിയേക്കും

ഉറവിട മാലിന്യ സംസ്കരണമാണ് ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. ഖരമാലിന്യ പദ്ധതിയോടൊപ്പം ദ്രവ മാലിന്യ പദ്ധതിയും നടപ്പാക്കേണ്ടി വരും. ബയോ ഗ്യാസ് പ്ലാന്റുകൾ രണ്ടെണ്ണമാണ് സ്ഥാപിക്കുക. ബയോഗ്യാസിന്റെ ശേഷിയെക്കുറിച്ച് ചർച്ച നടക്കുന്നതേയുള്ളു.

നിഫി എസ്. ഹക്ക്

ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ