sabarimala

ഭക്തമനസുകൾക്ക് അഭയദായകമായ ശബരീശ സന്നിധാനം മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി. 16നാണ് വൃശ്ചികം ഒന്ന്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പൊന്നമ്പലനട തുറക്കും. പിന്നെ 41 ദിവസം സന്നിധാനം ശരണംവിളികളാൽ മുഖരിതമാകും. ഡിസംബർ 26ന് മണ്ഡലപൂജ. 30ന് മകരവിളക്ക് ആഘോഷത്തിനായി നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് ദർശനം.

ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളിലാണ് സർക്കാരും ദേവസ്വം ബോർഡും. പതിവുപോലെ തീർത്ഥാടനത്തിന് മുൻപേ വിവാദങ്ങളുമുണ്ടായി. ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രം ദർശനമെന്ന പിടിവാശി പ്രതിഷേധം ഭയന്ന് സർക്കാർ ഉപേക്ഷിച്ചു. ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്ക് എരുമേലിയിലും നിലയ്ക്കലും പമ്പയിലും സ്പോട്ട് ബുക്കിംഗിന് സമാനമായ സംവിധാനം ഒരുക്കാമെന്ന നിലപാടിലേക്ക് അയഞ്ഞു. തീർത്ഥാടകരെ വരവേൽക്കാൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഒരു അന്വേഷണം. അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും.

നിലയ്ക്കൽ

ശബരിമലയുടെ പ്രധാന ഇടത്താവളമാണ് നിലയ്ക്കൽ. പ്രളയത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതിനാൽ പമ്പയിൽ ഭക്തർക്ക് വിപുലമായ സൗകര്യങ്ങളില്ല. തീർത്ഥാടകർക്ക് പാർക്കിംഗ്, അന്നദാനം, വിശ്രമസ്ഥലം, ചുക്കുവെള്ളം, ടോയ്ലെറ്റ് സൗകര്യം എന്നിവയാണ് നിലയ്ക്കലിൽ ഒരുക്കുന്നത്. ഇവിടേക്കുള്ള റോഡുകൾ ടാർ ചെയ്തു.

20 പാർക്കിംഗ് ഗ്രൗണ്ടുകൾ, 10,000 വാഹനങ്ങൾ

നിലവിൽ 17 പാർക്കിംഗ് ഗ്രൗണ്ടുകളിലായി 8,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. ഇക്കുറി മൂന്ന് എണ്ണം കൂടി. 1,500 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. പുതിയ ഗ്രൗണ്ടിനായി 1,200 റബർ മരങ്ങൾ മുറിച്ചു. ആകെ 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.

39 കോടിയുടെ പദ്ധതി

തീർത്ഥാടകർക്ക് താമസിക്കാൻ നിലയ്ക്കലിൽ ഏഴ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം പൂർത്തിയാകുന്ന മൂന്നെണ്ണം ഈ തീർത്ഥാടനകാലത്ത് കമ്മിഷൻ ചെയ്തേക്കും. ഒന്നിൽ 500പേർക്ക് വിശ്രമിക്കാം. 39 കോടിയുടേതാണ് പദ്ധതി.

ജർമ്മൻ പന്തൽ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം തീർത്ഥാടകർക്ക് വിശ്രമിക്കാൻ ജർമ്മൻ പന്തൽ നിർമ്മിച്ചു. ആയിരം പേർക്ക് ഒരേസമയം തങ്ങാം. പന്തൽ അഴിച്ചെടുക്കാനും പുനഃസ്ഥാപിക്കാനും കഴിയും.

പുതിയ ക്ളോക്ക് റൂം

ഒരേ സമയം 80 പേർക്ക് വിരിവയ്ക്കാനും സാധനങ്ങൾ സൂക്ഷിക്കാനും കഴിയുന്ന പുതിയ ക്ളോക്ക് റൂം ഈ സീസണിൽ തുറന്നുകൊടുക്കും.

ജീവനക്കാർക്ക് 6 കെട്ടിടങ്ങൾ

നിലയ്ക്കലിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും താമസിക്കാൻ ആറ് കെട്ടിടങ്ങളുണ്ട്. ഒരേസമയം 2,000 പേർക്ക് വിശ്രമിക്കാം. 800 പൊലീസുകാർക്ക് താമസിക്കാൻ പ്രത്യേകം ബ്ളോക്കുണ്ട്.

സ്ത്രീകൾക്കും പ്രായമായവർക്കും മുറികൾ

സ്വാമിമാരുടെ സംഘങ്ങൾക്കൊപ്പം പമ്പ, നിലയ്ക്കൽ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രായമായവർക്കും സ്ത്രീകൾക്കും താമസിക്കാൻ നിലയ്ക്കലിൽ മുറികളും ഹാളുമുണ്ട്. ഒരു മുറിയിൽ നാലുപേർക്ക് കിടക്കാം. 1,400രൂപയാണ് വാടക. 20 പേർക്ക് കിടക്കാവുന്ന ഹാളിന് 3,300 രൂപയാണ്.

ഡ്രൈവർമാർക്ക് വിശ്രമ കേന്ദ്രം

ഡ്രൈവർമാർക്ക് വിശ്രമിക്കാൻ ഇത്തവണ പ്രത്യേകം മുറികളുണ്ട്. കഴിഞ്ഞ വർഷം വാടക ഈടാക്കിയിരുന്നു. ഇത്തവണ ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. വിശ്രമമില്ലാതെ വാഹനങ്ങൾ ഓടിക്കുന്നത് ശബരിമല പാതയിൽ അപകടങ്ങൾക്കിടയാക്കുന്നുവെന്ന വിലയിരുത്തലിലാണ് ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം അനുവദിക്കാൻ തീരുമാനിച്ചത്.

പമ്പ

ആധാർകാർഡിന്റെ പകർപ്പ് കരുതണം

വെർച്വൽ ക്യൂ ബുക്ക് ചെയ്തവരും ബുക്ക് ചെയ്യാതെ എത്തുന്നവരും (സ്പോട്ട് ബുക്കിംഗ് ചെയ്യുന്നതിന്) ആധാർ കാർഡ് കരുതണം. ഭക്തർക്ക് വിശ്രമിക്കാനുള്ള വിരിപ്പന്തലുകൾ ആറായി. ഇത്തവണ മൂന്നെണ്ണം നിർമ്മിച്ചു. ചൂടിനെ പ്രതിരോധിക്കാൻ മേൽക്കൂരയിൽ ഓടുപാകി. ഒരു പന്തലിൽ 500 തീർത്ഥാടകരെ ഉൾക്കൊള്ളും. മണൽപ്പുറത്ത് ത്രിവേണി പാലത്തിനു സമീപം 3,000 പേർക്ക് വിശ്രമിക്കാൻ കഴിയുന്ന ജർമ്മൻ പന്തലിന്റെ പണികൾ പൂർത്തിയാകുന്നു. ത്രിവേണി പാലം മുതൽ ഗണപതി ക്ഷേത്രത്തിനു മുൻവശം വരെ വിശ്രമ പന്തലുകളുണ്ട്. സ്ത്രീകൾക്ക് വസ്ത്രം മാറാൻ പ്രത്യേക സൗകര്യം.

412 ടോയ്ലെറ്റുകൾ

പമ്പ, നീലിമല, അപ്പാച്ചിമേട് ഭാഗങ്ങളിലായി 412 ടോയ്ലെറ്റുകൾ സ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ ബയോ ടോയ്ലെറ്റുകൾ. ചരൽമേൽട്ടിൽ 16 യൂറിനൽ കേന്ദ്രങ്ങൾ.

പാർക്കിംഗിന് അനുമതി

ചക്കുപാലത്തും പമ്പ ഹിൽടോപ്പിലും ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകി. രണ്ടിടത്തുമായി 2,000ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം.

ശുദ്ധജലം കുപ്പിയിൽ

പമ്പിയിൽ നിന്ന് മല കയറുന്നവർക്ക് ശുദ്ധജലം സ്റ്റീൽ കുപ്പിയിൽ നൽകും. 100 രൂപ ഡെപ്പോസിറ്റായി വാങ്ങും. കുപ്പി തിരികെ കൊടുക്കുമ്പോൾ പണം തിരിച്ചുകിട്ടും.

സന്നിധാനം

ദർശനം 18 മണിക്കൂർ

പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നുമുതൽ രാത്രി 11വരെയും. ദർശനത്തിന് എത്തുന്നവർക്ക് പ്രീമിയം ഇല്ലാതെ അഞ്ചുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ.

തീർത്ഥാടകർ മരിച്ചാൽ നാട്ടിലെത്തിക്കും

മലകയറ്റത്തിലും ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴും തീർത്ഥാടകർ മരിച്ചാൽ ആംബുലൻസ് ചെലവ് ദേവസ്വം ബോർഡ് വഹിക്കും. കേരളത്തിനകത്ത് 30,000 രൂപ വരെയും അന്യ സംസ്ഥാനങ്ങളിൽ ഒരു ലക്ഷം രൂപവരെയും അനുവദിക്കും.

ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വേണ്ട

ഇരുമുടിക്കെട്ടിൽ നിന്ന് ചന്ദനം, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനും ഭക്തർക്കും നിർദ്ദേശം നൽകി. പ്ളാസ്റ്റിക്കിൽ പൊതിയുന്ന സാധനങ്ങൾ വേണ്ട.

മുൻകെട്ട്: ഉണക്കലരി, നെയ്‌ത്തേങ്ങ, ശർക്കര, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന്. നിവേദ്യം നടത്തി തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പുള്ളവർ മലര്, അവൽ, കദളിപ്പഴം എന്നിവ കരുതിയാൽ മതി.

പിൻകെട്ട്: നിവേദ്യത്തിനുള്ള അരി, തേങ്ങ.

ദൂരം കിലോമീറ്ററിൽ

തിരുവനന്തപുരം- പമ്പ: 180

പുനലൂർ- പമ്പ: 101

എരുമേലി- പമ്പ: 80

കോട്ടയം- പമ്പ (മണിമല വഴി): 116

കോട്ടയം- പമ്പ (കോഴഞ്ചേരി, വടശേരിക്കര വഴി): 119

കോട്ടയം- പമ്പ (തിരുവല്ല വഴി): 123

ചെങ്ങന്നൂർ- പമ്പ: 93

എറണാകുളം- പമ്പ (കോട്ടയം വഴി): 200

ആലപ്പുഴ- പമ്പ: 137

പത്തനംതിട്ട- പമ്പ: 65

കെ.എസ്.ആർ.ടി.സി

തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തി. ഓൺലൈനിൽ ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കാനുള്ള ലിങ്കും ലഭിക്കും. 40 പേരിൽ കുറയാത്ത തീർത്ഥാടകർക്ക് 10 ദിവസം മുൻപ് സീറ്റ് ബുക്ക് ചെയ്യാം. 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.