
പന്തളം : ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിൽ പന്തളം ജംഗ്ഷന് സമീപമുള്ള ഒരേക്കർ അറുപത്തി എട്ട് സെന്റ് സ്ഥലം ആക്രിവാഹനങ്ങളുടെ ശ്മശാന ഭൂമിയായി മാറിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. പലകേസുകളിലെയും തൊണ്ടി മുതലായി കസ്റ്റഡിയിൽ എടുത്തിട്ടുള്ള വാഹനങ്ങൾ സൂക്ഷിക്കുന്ന പന്തളം പൊലീസിന്റെ ക്വാർട്ടേഴ്‌സ് ഭൂമിയാണ് കാടുകയറി നശിക്കുന്നത്. 38 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ മുമ്പ് ഇവിടെ ഉണ്ടായിരുന്നു. പന്തളത്ത് പൊലീസ് സ്റ്റേഷൻ ആരംഭിക്കും മുമ്പേ മാവേലിക്കര സ്റ്റേഷന്റെ ഭാഗമായിരുന്നു ഇവിടുത്തെ ക്വാട്ടർട്ടേഴ്സ്. എന്നാൽ കാലാന്തരത്തിൽ 80 വർഷം മുമ്പ് പണിതകെട്ടിടങ്ങൾ മേൽക്കൂരകൾ തകർന്ന്, ഭിത്തികൾ വിണ്ടുകീറി നിലംപൊത്തി.
അതോടെ താമസക്കാരും പൂർണമായി ഒഴിവായി. പന്തളത്ത് സി.ഐ ഓഫീസ് അനുവദിച്ചപ്പോൾ ഇവിടുത്തെ ക്വാർട്ടേഴ്‌സ് കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. കമ്മ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്ററും ഇവിടെയുണ്ടായിരുന്നു.
രണ്ടു വർഷങ്ങൾക്ക് മുമ്പ് വരെ പന്തളം സ്റ്റേഷനിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ സേനാഅംഗങ്ങളും കൃഷി വകുപ്പുമായി ചേർന്ന് ഇവിടെ കപ്പ, വാഴ, പയർ, പാവൽ, പടവലം, വഴുതന, കോവൻ, ചീര തുടങ്ങി വിവിധയിനം വിളകൾ കൃഷി ചെയ്തിരുന്നു. ഇപ്പോൾ പന്നിയുടെ ശല്യം രൂക്ഷമായതോടെ കൃഷിയും മുടങ്ങി. ചുറ്റുമതിലുണ്ടായിരുന്നതും തകർച്ചയിലാണ്.
ഫയർ സ്റ്റേഷൻ തുടങ്ങാനാകും
പന്തളത്ത് ഫയർ സ്റ്റേഷൻ അനുവദിച്ചിട്ട് രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. സ്ഥലമില്ലാ എന്ന കാരണം പറഞ്ഞാണ് ഇതുവരെ സ്റ്റേഷൻ ആരംഭിക്കാതിരുന്നത്. സ്ഥലംവിട്ടു നൽകിയിരുന്നെങ്കിൽ ഫയർ സ്റ്റേഷൻ തുടങ്ങിയേനെ.