believers
മുണ്ടിയപ്പള്ളിയിൽ ആരംഭിച്ച ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബുകോശി ചെറിയാൻ നിർവഹിക്കുന്നു

തിരുവല്ല: മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ചർച്ച് ഇടവകയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും സംയുക്തസഹകരണത്തോടെ മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു. ഒ.പി, ലാബ്, ഫാർമസി സേവനങ്ങളുമായി ആരംഭിച്ച മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബുകോശി ചെറിയാൻ നിർവഹിച്ചു. ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ്കുമാർ, ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ.ജോൺ വല്യത്ത്, സി.എം.സി വെല്ലൂർ വൈസ് ചെയർമാൻ ഡോ.ജോൺ സി.ഉമ്മൻ, ഫാ.തോമസ് വർഗീസ്, പാലിയേറ്റിവ് മെഡിസിൻ വിഭാഗം മേധാവി ഡോ.അജിത്ത് സി.കോശി, സീനിയർ കൺസൾട്ടന്റ് ഡോ.ലീജിയ മാത്യു, പഞ്ചായത്ത് മെമ്പർമാരായ റേച്ചൽ മാത്യു, ലിൻസി മോൻസി എന്നിവർ പ്രസംഗിച്ചു. 1962ൽ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ഇടവകയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആശുപത്രിയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി നവീകരിച്ച് പുനരാരംഭിച്ചിരിക്കുന്നത്. രാവിലെ 9മുതൽ വൈകിട്ട് 4.30വരെയാണ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം. കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന ഹോം വിസിറ്റിംഗ് യൂണിറ്റും വയോജന വിഭാഗമായ ജെറിയാട്രിക്സ് വിഭാഗവും പാലിയേറ്റിവ് മെഡിസിൻ വിഭാഗവും ഫിസിയോതെറാപ്പി വിഭാഗവും മെഡിക്കൽ സെന്ററിൽ ഉണ്ടാകും.