ചെങ്ങന്നൂർ: ക്രിസ്മസ് വിപണിയിൽ ഇറച്ചിക്കോഴികൾക്ക് വിലകൂടുമെന്ന് വ്യാപാരികൾ. കോഴിയും താറാവും പന്നിയുമെല്ലാം ഉൾപ്പെടുന്ന മാംസവിപണിയിൽ തമിഴ്‌നാട് കൈയടക്കിയതോടെയാണ്കേരളത്തിലെ ഫാമുകൾ പ്രതിസന്ധിയിലായെന്നും വ്യാപാരികൾ പറയുന്നു. ഇറച്ചി കോഴികൾക്ക് കിലോയ്ക്ക് 130 മുതൽ 140 രൂപ വരെയാണ് ഇപ്പോൾ വില ,ക്രിസ്മസ് കാലയളവിൽ ഇത് 160 - 170 റേഞ്ചിലേക്ക് എത്താൻ സാദ്ധ്യതയുണ്ടെന്ന് ഇറച്ചിക്കോഴി കട ഉടമകൾ പറയുന്നു. പക്ഷിപ്പനിയുടെ പേരിൽ താറാവിനും കോഴിക്കും നിരോധനം, പന്നിപ്പനിയുടെ പേരിൽ പന്നിവളർത്തലിൽ പ്രതിസന്ധി എന്നിവയായതോടെ കർഷകർ മറ്റ് രംഗങ്ങളിലേക്ക് തിരിഞ്ഞത്. ഇതോടെയാണ് കോഴിഫാമിൽ തമിഴ്‌നാടിന് സ്വാധീനം വർദ്ധിച്ചത് . തുടർച്ചയായി ഉണ്ടാകുന്ന രോഗബാധകളും നിരോധനങ്ങളും കേരളത്തിലെ കർഷകരെ കടക്കെണിയിലാക്കി. ലക്ഷങ്ങളാണ് പലരുടെയും ബാദ്ധ്യത. ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നുമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൂടുതലായി ഇറച്ചിക്കോഴികൾ എത്തുന്നത്.
ഫാമുകൾ അടച്ചുപൂട്ടി, കൃഷി നിറുത്തി കർഷകർ
പക്ഷിപ്പനി ജില്ലയിൽ നിന്നും പൂർണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റിലും സെപ്റ്റംബറിലും കള്ളിംഗ് നടത്തി ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയുമാണ് പല ഫാമുകളിലും ഇല്ലാതാക്കിയത്. സാഹചര്യം പ്രതികൂലമായതോടെ മിക്ക ഫാമുകളും അടച്ചുപൂട്ടി. താറാവ് വളർത്തൽ ഇല്ലെന്നുതന്നെ പറയാം. പകുതിയിലധികം പേരും പൂർണമായി കൃഷി നിറുത്തിയെന്നാണ് സൂചന. കോഴിവളർത്തൽ കർഷകർ തമിഴ്‌നാട്ടിൽ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. കോഴിക്കുഞ്ഞുങ്ങൾ എത്തുന്നില്ലെങ്കിലും ഇറച്ചിക്കോഴി വിൽപ്പന തടസമില്ലാതെ തുടരുകയാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്നതാണ് ഇവയിലേറെയും. ഇതിനെല്ലാം കർശനമായ നിയന്ത്രങ്ങൾ മൃഗസംരക്ഷണവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തിൽ ഫലപ്രദമല്ലെന്നാണ് സ്ഥിതിഗതികൾ തെളിയിക്കുന്നത്.
...............................
നിരോധനം കാരണം ഇറച്ചിക്കോഴി, താറാവ് വിലകളിൽ വർദ്ധനവുണ്ടായില്ലെങ്കിലും ക്രിസ്മസ് സീസൺ ആകുമ്പോഴേക്കും വില ഉയരാനുള്ള സാദ്ധ്യതയുണ്ട്.
(വ്യാപാരികൾ)
.................
ഇറച്ചിക്കോഴി - വില
കിലോ 130 മുതൽ 140 വരെ