nilakkal

നിലയ്ക്കൽ : അയ്യപ്പഭക്തർക്ക് വിശ്രമിക്കാൻ നിലയ്ക്കലിൽ പുതിയ മൂന്ന് വിരിപ്പുരകളുട‌െ നിർമ്മാണം പൂർത്തിയായി. തീർത്ഥാടനകാലത്ത് ഉദ്ഘാടനം ചെയ്ത് തുറന്നു നൽകും.

പള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിന് എതിർവശത്താണ് തറനിരപ്പ് ഉൾപ്പെടെ മൂന്ന് നിലകളിലായി മൂന്ന് കെട്ടിടങ്ങൾ ഉയർന്നത്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏഴ് വിരിപ്പുരകളുടെ പദ്ധതിയിൽ ആദ്യഘട്ടത്തിലേതാണിത്. പദ്ധതിയിൽ മാലിന്യ സംസ്കരണ പ്ളാന്റുമുണ്ട്.

ഓരോ നിലയിലും നാല് ഹാളുകൾ, കുളിമുറികൾ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളാണ് ഉള്ളത്. തീർത്ഥാടകരിൽ നിന്ന് വാട‌ക ഇൗടാക്കണമോ വേണ്ടയോ എന്നു തീരുമാനമായില്ല. മരാമത്ത് വിഭാഗം പണി പൂർത്തിയാക്കി ദേവസ്വം ബോർഡിന് കൈമാറും.

തീർത്ഥാടന കാലത്ത് ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളിൽ മേൽക്കൂരകളുടെ അവസാന പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടനുബന്ധിച്ച് രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.

ആകെ ഏഴ് വിരിപ്പുരകൾ

പദ്ധതി ചെലവ് : 39 കോടി

ഒരു നിലയിൽ 4 ഹാളുകൾ

ഒരു ഹാളിൽ 20 പേർക്ക് വിരി വയ്ക്കാം

2000 ജീവനക്കാർക്ക് താമസ സൗകര്യം

നിലയ്ക്കലിൽ പൊലീസുകാർ ഉൾപ്പെടെ രണ്ടായിരം ജീവനക്കാർക്ക് താമസിക്കാനുളള ആറ് കെട്ടിടങ്ങൾ നവീകരിച്ചു. ഇത്തവണ സ്വാമി സംഘങ്ങൾക്കൊപ്പം വരുന്ന പ്രായമായവർക്കും സ്ത്രീകൾക്കും വിശ്രമിക്കാനും വിരിവയ്ക്കാനും പ്രത്യേക മുറികളും ഹാളും നിലയ്ക്കലിൽ സജ്ജമാക്കിയിട്ടുണ്ട്. മുറിയിൽ നാല് പേർക്കും ഹാളിൽ ഇരുപത് പേർക്കും വിശ്രമിക്കാം.

ഡ്രൈവർമാർക്ക് വിശ്രമ മുറികൾ

ദീർഘദൂരം വാഹനങ്ങൾ ഓടിച്ചു വരുന്ന ഡ്രൈവർമാർക്കുള്ള വിശ്രമ മുറികളുമുണ്ട്. ഇതു കൂടാതെ ഒരു സമയം 80 പേർക്ക് വിരിവയ്ക്കാനും സാധനങ്ങൾ സൂക്ഷിക്കാൻ ക്ളോക്ക് റൂമുകളും സജ്ജമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ദീർഘയാത്ര ചെയ്തു വരുന്ന തീർത്ഥാടക വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കാത്തതു കൊണ്ടാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശ്രമ മുറികൾ അനുവദിക്കുന്നത്.