turf-stadium

തിരുവല്ല : കായികസ്വപ്നങ്ങൾക്ക് കുതിപ്പേകാൻ കവിയൂർ ഗ്രാമപഞ്ചായത്തിൽ ടർഫ് സ്റ്റേഡിയം ഉയരുന്നു. പഞ്ചായത്തിലെ 13 -ാം വാർഡിലെ പടിഞ്ഞാറ്റുശേരിയിൽ 50 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ 45 മീറ്റർ നീളവും 40 മീറ്റർ വീതിയും 9.3 മീറ്റർ ഉയരത്തിലുമാണ് സ്റ്റേഡിയം വികസിപ്പിക്കുന്നത്. ടർഫ് മോഡൽ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിർമ്മാണമാണ് പൂർത്തീകരിക്കാൻ പോകുന്നത്. പി.ടി ഉഷ എം.പി കവിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം .

തിരുവല്ലയിലെ പബ്ലിക് സ്റ്റേഡിയത്തിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കായിക വിദ്യാർത്ഥികളെയും പരിശീലകരെയും ബുദ്ധിമുട്ടിക്കുകയാണ്. കായിക പരിശീലനത്തിനുള്ള സംവിധാനങ്ങളോ ചുറ്റുമതിൽ പോലുമോ ഇല്ലാത്ത സ്റ്റേഡിയമാണ് കവിയൂരിൽ ഉന്നത നിലവാരത്തിൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്.. ടർഫ് സ്റ്റേഡിയം വരുന്നതോടെ കായികമേഖലയിൽ കുതിപ്പുണ്ടാകും. തിരുവല്ലയുടെ സമീപ പ്രദേശങ്ങളിലെങ്ങും പഞ്ചായത്തിന്റെയോ നഗരസഭയുടെയോ ഉടമസ്ഥതയിൽ ടർഫ് സ്റ്റേഡിയമില്ല. ഉന്നത നിലവാരത്തിലുള്ള സ്വകാര്യ സ്റ്റേഡിയങ്ങളിൽ വാടക നൽകിയാണ് മിക്കവരും കായിക പരിപാടികളും പരിശീലനവും നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ് പരിശീലന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. കവിയൂരിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിലവാരമുള്ള സ്റ്റേഡിയം ഉയരുന്നത് കായികപ്രേമികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.

1.10 കോടി രൂപയുടെ പദ്ധതി

നേരത്തെ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ ഉദ്ഘാടനം ചെയ്യാനെത്തിയ പി.ടി. ഉഷ എം.പിക്ക് സ്റ്റേഡിയം വികസനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിവേദനം നൽകിയിരുന്നു. 1.10 കോടി രൂപയുടെ പദ്ധതിയാണ് നിവേദനത്തിൽ സമർപ്പിച്ചത്. തുടർന്ന് എം.പി ആദ്യഗഡുവായി അനുവദിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്. അടുത്തഘട്ടത്തിലേക്ക് ആവശ്യമായ തുക നൽകാമെന്ന് പി.ടി ഉഷ എം.പി പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.

-----------------