photo
തണുങ്ങാറ് പാലം റോഡിലെ പൊന്തക്കാട് തെളിച്ചപ്പോൾ

പ്രമാടം : തണുങ്ങാറ് പാലം റോഡിലെ പൊന്തക്കാട് തെളിച്ചു. പ്രമാടത്തെ വലഞ്ചുഴിയുമായി ബന്ധിപ്പിക്കുന്ന പാലം ഉൾപ്പെട്ട റോഡരികിൽ കാട് വളർന്ന് കാട്ടുപന്നിയുടെയും തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായിരുന്നു. കാട് തെളിക്കണമെന്ന് നാട്ടുകാർ നിരവധി തവണ വസ്തു ഉടമകളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് വസ്തു ഉടമകൾക്ക് പലതവണ നോട്ടീസ് നൽകി. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ കേരള കൗമുദി വാർത്തസഹിതം വീണ്ടും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് കാട് തെളിപ്പിക്കുകയായിരുന്നു.

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ പ്രദേശം. വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കുള്ള എളുപ്പവഴികൂടിയാണ് റോഡ്. പുലർച്ചെയും സന്ധ്യയ്ക്കും നിരവധി ഭക്തരാണ് ഇതുവഴി പോകുന്നത് . കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നേരെ കാട്ടുപന്നികളും നായ്കളും ആക്രമണം നടത്തുന്നത് പതിവായിരുന്നു. കാട് വളർന്നതോടെ ഇവിടെ മാലിന്യ നിക്ഷേപവും വർദ്ധിച്ചിരുന്നു.