കോന്നി: റീജണൽ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് പയ്യനാമൺ താവളപ്പാറ ആനന്ദഭവനത്തിൽ പി ആനന്ദനും കുടുംബവും ബാങ്കിന് മുന്നിൽ സത്യഗ്രഹം നടത്തി. വർഷങ്ങൾക്കു മുമ്പ് നിക്ഷേപിച്ച 11 ലക്ഷം രൂപയും അതിന്റെ പലിശയും ആവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സമീപിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് സത്യഗ്രഹം നടത്തിയത്. ഭാര്യയും മകളും മരുമകനും ആനന്ദന് ഒപ്പമുണ്ടായിരുന്നു.
മൂന്നു കോടി രൂപയുടെ ക്രമക്കേട് നടന്നതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. തുടർന്ന് സിപിഎം ഏരിയാ കമ്മിറ്റിയംഗമായിരുന്ന ബാങ്ക് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി . 2017 ഫെബ്രുവരിയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. മുൻ സെക്രട്ടറി , ക്ലാർക്ക്, അറ്റൻഡർ എന്നിവർ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സെക്രട്ടറിയെയും ക്ലാർക്കിനെയും ജോലിയിൽ നിന്ന് പുറത്താക്കി. അറ്റൻഡർ സസ്പെൻഷനിലാണ്. ഇതിനിടെ ഒരു കോടി രൂപ ഇവർ തിരിച്ചടച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാജ ചിട്ടി ഇടപാടുകൾ, ബിനാമി വായ്പ, സോഫ്റ്റ്‌വേർ തട്ടിപ്പ്, ഫോട്ടോസ്റ്റാറ്റ് പ്രമാണങ്ങൾ വച്ച് വായ്പ നൽകൽ, ഒന്നിൽ കൂടുതൽ ശമ്പള സർട്ടിഫിക്കറ്റുകൾ ഒരേ ഉദ്യോഗസ്ഥരുടെ പേരിൽ നൽകി പണം പിൻവലിക്കൽ എന്നിവ നടന്നതായി കണ്ടെത്തിയിരുന്നു. ക്രമക്കേടുകളെ തുടർന്ന് ബാങ്ക് ഇ ഡി നിരീക്ഷണത്തിലുമായി.