അടൂർ : മിക്കദിവസവും അപകടങ്ങൾ. അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ. അടൂർ ഭരണിക്കാവ് വഴിയുള്ള ദേശീയ പാത 183 എ യിൽ നെല്ലിമുകൾ ജംഗ്ഷന് തൊട്ടടുത്തുള്ള വളവാണ് ഭീഷയിയായി മാറിയിരിക്കുന്നത്. രാത്രി യാത്രയിൽ ഏത് സമയവും അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. റോഡിലെ വളവ് നിവർത്തിയാലെ അപകടത്തിന് പരിഹാരമാകു. വളവിനരികിൽ മദ്ധ്യഭാഗത്തായി ഒരു വീട് നിൽക്കുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
അടുത്തിടെ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. ആളുകൾക്ക് കാര്യമായ പരിക്ക് ഇല്ലായിരുന്നെങ്കിലും വശത്തെ കുഴിയിലേക്ക് വീണ കാർ പൂർണമായും തകർന്നു. 6 മാസം മുമ്പ് ട്രാവലറും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസ്, ഡ്രൈവർ നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഏറ്റുമാനൂർ കളത്തൂർ സെന്റ് മേരീസ് പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. വൈദികരുൾപ്പെടെ ട്രാവലറിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേറ്റിരുന്നു . ഇരു വാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.മാർച്ച് മാസത്തിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ബൈക്ക് അപകടങ്ങൾ സ്ഥിരമായി നടക്കുന്ന സ്ഥലമാണ് ഈ വളവ്. ദേശീയപാതയായതിനാൽ വലിയ വാഹനങ്ങൾ ധാരാളം കടന്നുപോകുന്ന റോഡാണിത്. വളവിൽ മുന്നറിയിപ്പ് കൊടുക്കേണ്ട റിഫ്ലക്ടറുകറുകളും, സിഗ്നലുകളുകളും സ്ഥാപിച്ചാൽ രാത്രി യാത്രകളിൽ അപകട സാദ്ധ്യത കുറയ്ക്കാം.
വലിയ അപകട സാദ്ധ്യതയുള്ള വളവാണിത്. വഴിയിൽ പലയിടത്തായി അപകടസാദ്ധ്യതാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം
രാജേഷ് കുമാർ
നാട്ടുകാരൻ