dog

പത്തനംതിട്ട : തെരുവിൽ ആരോ ഉപേക്ഷിച്ചുപോയ ഗർഭിണി നായ സൂസിയുടെ മകൻ സീസർ ഇന്ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലെ ഓട്ടോറിക്ഷക്കാരുടെ അരുമയാണ്. വിശന്ന് വലഞ്ഞ് ഓട്ടോസ്റ്റാൻഡിലെത്തിയ സൂസിയോട് ഓട്ടോ ഡ്രൈവർമാർക്ക് തോന്നിയ ദയ വലിയൊരു അത്മബന്ധമായി വളരുകയായിരുന്നു. അവർ അവൾക്ക് ഭക്ഷണം കൊടുത്തു. സൂസിയെന്ന് വിളിച്ചു. ഒരു മഴയുള്ള ദിവസം സൂസി നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുറച്ചു ദിവസത്തിനുള്ളിൽ ഒരു കുഞ്ഞ് ചത്തു. രണ്ട് കുഞ്ഞുങ്ങളെ കാണാതായി. അവശേഷിച്ച കുഞ്ഞിനു സൂസി ഓട്ടോ സ്റ്റാൻഡിൽ അഭയമൊരുക്കി. രണ്ടുദിവസം കഴിഞ്ഞപ്പോൾ വാഹനമിടിച്ച് സൂസി ചത്തതോടെ ഒറ്റപ്പെട്ടുപോയ മകനെ ഓട്ടോറിക്ഷക്കാർ കരുതലോട‌െ ഏറ്റെടുത്തു. അവന്റെ വലതുകാലിന് ജന്മനാ സ്വാധീനം കുറവായതിനാൽ നടക്കാനാവില്ല. ഓട്ടോറിക്ഷക്കാർ അവരവർക്ക് ഇഷ്‌ടമുള്ള പേരുകളിട്ട് വിളിക്കും. സീസർ എന്നു പൊതുവെ വിളിക്കുമെങ്കിലും കൈസർ, ജെബ്രൂട്ടൻ എന്നിങ്ങനെ വിളിച്ചാലും അവൻ വാലാട്ടി സ്നേഹം കാണിക്കും. ഓട്ടോസ്റ്റാൻഡിന് സമീപമുള്ള മരിയൻ പെറ്റ് കെയറിൽ സീസറിനെ കുളിപ്പിക്കുകയും നഖം വെട്ടിക്കൊടുക്കുകയും സൗജന്യമായി ബൽറ്റു നൽകുകയും ചെയ്തു. ഓംലെറ്റാണ് ഇഷ്ടഭക്ഷണം. ബിസ്ക്കറ്റും പെ‌ഡിഗിരിയും മറ്റും വാങ്ങിക്കൊടുക്കുന്നതിലൂടെ സീസറിന് ദിവസം 150 ലേറെ രൂപ ചെലവാകുമെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു. ജില്ലാ വെറ്റിറനറി ആശുപത്രിയിൽ നിന്നുള്ള പരിചരണത്തിന്റെ ബലത്തിൽ സീസർ ഇപ്പോൾ ഏന്തി നടക്കും. ഡ്രൈവർമാരായ അജ്മലും രാജേഷും എല്ലാദിവസവും നടത്തിക്കും. ഓട്ടോക്കാരുടെ ഇരിപ്പിടത്തിന് സമീപമാണ് സീസറിന്റെ താമസം.