kerala-police

പത്തനംതിട്ട: സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ പ്രചരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നൽകിയ പരാതി സൈബർ സെല്ലിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു. പേജ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഫേസ്ബുക്കിന് കത്തയയ്ക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി.ബൈജുവിനാണ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല. ഫേസ്ബുക്ക് പേജിന് ഒന്നിലധികം അഡ്മിൻമാരുണ്ട്. ഇവരിൽ ഒരാൾ അപ്‌ലോഡ് ചെയ്ത വീഡിയോയാകാം വന്നതെന്ന് സൂചനയുണ്ട്. പേജിലെ വീഡിയോയുടെ സ്‌ക്രീൻ റെക്കോർഡ് ഉൾപ്പെടെ പ്രചരിച്ചത് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. വീഡിയോ പ്രചരിച്ചത് വ്യാജ അക്കൗണ്ടിൽ നിന്നാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. പിന്നീട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തിരിച്ചുപിടിച്ചെന്നും പറഞ്ഞു.