confrence
മാക്ഫാസ്റ്റിൽ അന്താരാഷ്ട്ര ദ്വിദിന കോൺഫറൻസ്‌ സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി. ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു

തിരുവല്ല : മാക്ഫാസ്റ്റ് കോളേജിൽ അഡ്വാൻസ്മെന്റ് ആൻഡ് ഇന്നോവേഷൻസ് ഇൻ ഫൈറ്റോകെമിസ്ട്രി, ന്യൂട്ട്രസൂട്ടിക്കൽസ്, ആൻഡ് ഫങ്ഷ്ണൽ ഫുഡ് എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിനു തുടക്കമായി. മാക്ഫാസ്റ്റ് കോളേജ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗവും സ്കൂൾ ഒഫ് ബയോസയൻസും കോളേജ് ഡെവലപ്മെന്റ് കൗൺസിലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായാണ് തിരുവനന്തപുരം കേരള അക്കാദമി ഒഫ് സയൻസസ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി. ഡയറക്ടർ ഡോ.അനന്തരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഒഫ് സയൻസ് പ്രസിഡന്റ് പ്രൊഫ.ഡോ.ജി.എം.നായർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വർഗീസ് കെ.ചെറിയാൻ, റിസർച്ച് ഡയറക്ടർ ഡോ.മാത്യു മഴവഞ്ചേരിൽ, കേരള അക്കാദമി ഓഫ് സയൻസസ് ജനറൽസെക്രട്ടറി ഡോ.കെ.ബി രമേശ് കുമാർ, മഹാത്മാഗാന്ധി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.ശ്രീജിത്ത് സി.എം എന്നിവർ സംസാരിച്ചു. ആരോഗ്യസംരക്ഷണത്തിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ പ്രസക്തി ചർച്ചചെയ്യുന്ന കോൺഫറൻസിൽ 2024ലെ പ്രൊഫ.ഡോ.ഹാഷിം എൻഡോവ്മെന്റ് പ്രഭാഷണവും അവാർഡ് ദാനവും നടത്തും. കോൺഫറൻസിൽ മലേഷ്യയിൽ നിന്നുള്ള പ്രൊഫ.ഫരിദാ അബാസ്, ശ്രീലങ്കയിൽനിന്ന് പ്രൊഫ. ലളിത് ജയാസിംഗ്, ഇന്തോനേഷ്യയിൽ നിന്ന് ഡോ. കോലിസ് അബ്ദുറഹീ ഔദാ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 400ഓളം പേർ കോൺഫറൻസിൽ പങ്കെടുക്കുന്നു.