മല്ലപ്പള്ളി: ആന്റോ ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പാലിയേറ്റീവ് തുടർ പ്രവർത്തനങ്ങൾക്ക് ആംബുലൻസിനായി അനുവദിച്ച കത്ത് അജണ്ടയിൽ ഉണ്ടായിട്ടും ചർച്ച ചെയ്ത് തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ വി.ജെ.റജി , ബാബു കുറുമ്പേശ്വരം, ഗ്രേസി മാത്യു, വി.പി.രാധാമണിയമ്മ, ധന്യമോൾ ലാലി, മറിയാമ്മ കോശി എന്നിവർ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിനു മുമ്പിൽ ധർണ നടത്തി. നിലവിലുള്ള ആംബുലൻസ് കാലപ്പഴക്കം ഉള്ളതായതിനാൽ പുതിയ ആംബുലൻസ് അനുവദിക്കണമെന്ന് ആശുപത്രി വികസന സമിതി എം.പിയോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പുതിയ ആംബുലൻസിനുള്ള തുക അനുവദിച്ചത്. ഇന്നലെ നടന്ന പഞ്ചായത്തു കമ്മിറ്റിയിൽ നാലാമത്തെ അജണ്ടയായിട്ടാണ് വിഷയം വച്ചിരുന്നത്. ആരോഗ്യ പരിപാലനരംഗത്തു പോലും അന്ധമായ രാഷ്ട്രീയം കാണുന്ന സി.പി.എം നിലപാട് അപലപനീയമാണെന്നും മുമ്പ് പുളിന്താനം, മഠത്തിക്കാവ്, നടയ്ക്കൽ , മാന്താനം കാണിക്ക മണ്ഡപം, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ എം.പി. ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റിനുള്ള തുക അനുവദിച്ചപ്പോഴും ഇതേ നിഷേധാത്മക നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരവുമായി മുമ്പോട്ടു പോകുമെന്നും യു.ഡി.എഫ് ചെയർമാൻ എം.എം. റജി നേതാക്കളായ മാന്താനം ലാലൻ , സുരേഷ് ബാബു പാലാഴി , വി. ജെ. റജി സി.പി.ഓമനകുമാരി, സുനിൽ ആഞ്ഞിലിത്താനം എന്നിവർ പറഞ്ഞു.