പമ്പ : പ്രളയ ശേഷം പൊരിവെയിലിൽ തിളയ്ക്കുന്ന മണൽപ്പരപ്പിലൂടെയായിരുന്നു സ്വാമിമാർ ഗണപതി ക്ഷേത്രത്തിലേക്ക് നടന്നത്. മഴ ദിവസങ്ങളിൽ നനഞ്ഞ് പോകണമായിരുന്നു. കടത്തിണ്ണകളിലും ചെറിയ താൽക്കാലിക നടപ്പന്തലിലും കയറിയാണ് വിശ്രമിച്ചിരുന്നത്. ഇൗ സ്ഥിതി മാറുകയാണ്. ഭക്തർക്ക് വിശ്രമിക്കാൻ ആറ് സ്ഥിരം നടപ്പന്തലുകളും ഒരു ജർമ്മൻ പന്തലുമുണ്ട്. മണൽപ്പരപ്പിന്റെ മുഖം ആകെ മാറി. ത്രിവേണി പാലത്തിലൂടെ പമ്പയിലേക്ക് ഇറങ്ങിയാൽ ആദ്യം ജർമ്മൻ പന്തൽ. മൂവായിരത്തോളം പേർക്ക് ഇവിടെ ഒരേസമയം വിശ്രമിക്കാം. ആധുനിക ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച പന്തലിനുള്ളിലേക്ക് ചൂട് വലിയ തോതിൽ ഇറങ്ങില്ല.
പന്തലിന്റെ തറ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പഴയ രാമമൂർത്തി മണ്ഡപം ഭാഗത്താണ് പന്തൽ നിർമ്മിച്ചത്. എപ്പോൾ വേണമെങ്കിലും അഴിച്ചു മാറ്റാം. വീണ്ടും സ്ഥാപിക്കാം. നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിലും ജർമ്മൻ പന്തൽ സ്ഥാപിച്ചിട്ടുണ്ട്.
പമ്പ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് പുതിയ നടപ്പന്തലുകളുടെ നിർമ്മാണം പൂർത്തിയായി. നിലവിൽ മൂന്നെണ്ണമുണ്ട്. ഒന്നിൽ നാനൂറിലധികം ആളുകളെ ഉൾക്കൊളളും. മേൽക്കൂര ഓടുപാകി. നടപ്പന്തൽ ഇല്ലാത്ത ഭാഗങ്ങളിൽ പഗോഡ മാതൃകയിൽ കൂര പന്തൽ ഒരുക്കും. മരാമത്ത് വിഭാഗമാണ് പണികൾ നടത്തുന്നത്.
2018ലെ പ്രളയത്തിൽ പമ്പയിലെ രാമമൂർത്തി മണ്ഡപവും കെട്ടിടങ്ങളും ഒലിച്ചുപോയിരുന്നു. ഭക്തർക്ക് ക്യൂ നിൽക്കാനും വിശ്രമിക്കാനുമായി മൂന്ന് താൽക്കാലിക പന്തലുകൾ നിർമ്മിച്ചിരുന്നു. ഇതു മതിയാകില്ലെന്നു കണ്ടാണ് പുതിയ മൂന്ന് പന്തലുകൾ നിർമ്മിച്ചത്. നടപ്പന്തലിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യും.
ആറ് നടപ്പന്തലുകളും ഒരു ജർമ്മൻ പന്തലും ഒരുങ്ങി,
6000 പേർക്ക് വിശ്രമിക്കാം
പുതിയത്
3 നടപ്പന്തൽ
1 ജർമ്മൻ പന്തൽ
വെർച്വൽ ക്യൂ കൗണ്ടറുകൾ നവീകരിച്ചു
പമ്പയിലെ വെർച്വൽ ക്യൂ കൗണ്ടറുകൾ നവീകരിച്ചു. ഗണപതി ക്ഷേത്രത്തിന് സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ശേഷമാണ് തീർത്ഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവിൽ നിൽക്കാതെ കടന്നു പോകാം.