
പ്രമാടം : പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരപ്പുകുഴി- പ്രമാടം മഹാദേവർ ക്ഷേത്രം - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡ് നിർമ്മാണം പുരോഗമിക്കുന്നു. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന മറൂർ - വട്ടക്കുളഞ്ഞി റോഡ് ഉൾപ്പടെ പി.ഡബ്ള്യു.ഡി ഏറ്റെടുത്ത് ഏഴരക്കോടി രൂപ ചെലവിലാണ് നിർമ്മാണം. പണി പൂർത്തിയാകുന്നതോടെ അടുത്തിടെ ഉന്നത നിലവാരത്തിൽ നിർമ്മിച്ച പൂങ്കാവ് -പ്രമാടം- പത്തനംതിട്ട, കോന്നി -ചന്ദനപ്പള്ളി , കുമ്പഴ - പൂങ്കാവ് റോ ഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായും ഇത് മാറും.
പൂങ്കാവിൽ നിന്ന് അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി ഈ റോഡ് മാറും. ഇരപ്പുകുഴിയിൽ തുടങ്ങി മറുർ ആൽ ജംഗ്ഷനിൽ എത്തി പൂങ്കാവ് -പത്തനംതിട്ട റോഡിൽ കൂടി പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷനിലെത്തി വാഴമുട്ടം എൽ.പി സ്കൂളിന് സമീപം ചള്ളംവേലി പടിയിലാണ് റോഡ് അവസാനിക്കുന്നത്. തിരക്കേറിയ പൂങ്കാവ് -പ്രമാടം- പത്തനംതിട്ട, കോന്നി-ചന്ദനപ്പള്ളി റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഈ റോഡ് വഴി വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടാൻ കഴിയും.
------------------
വെള്ളപ്പൊക്കത്തെ അതിജീവിക്കും
വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലാണ് നിർമ്മാണം.. മഴക്കാലത്ത് അച്ചൻകോവിലാറ് കരകയറുമ്പോൾ മറൂരിലും പനയ്ക്കക്കുഴി ഭാഗത്തും റോഡിലേക്ക് വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുമായിരുന്നു. ഈ ഭാഗങ്ങളിൽ റോഡ് ഉയർത്തി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമ്മാണം നടത്തുന്നത്.
*ചെലവ് : 7.5 കോടി.
*1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും.
* 6 കലുങ്കുകൾ പുനർനിർമ്മിച്ചു.
*ടാറിംഗ് 5.5 മീറ്റർ വീതിയിൽ ബി. എം ആൻഡ് ബി .സി നിലവാരത്തിൽ
*ദൂരം 4.5 കിലോമീറ്റർ
-------------------
പ്രമാടം , വള്ളിക്കോട് പഞ്ചായത്തുകളിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണിത്. റോഡിന്റെ നിർമ്മാണം വളരെ വേഗത്തിലേക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ വികസന പ്രവൃത്തികൾക്കും വേഗതയേറും.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ