road-
പൊലീസിന്റെ സംസ്ഥാന പാതയിൽ ഉതിമൂട് ജംഗ്ഷനിൽ സ്ഥാപിച്ച ചെറു ട്രാഫിക് കോണുകൾ

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട് ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കുഞ്ഞൻ പരീക്ഷണവുമായി ട്രാഫിക് പൊലീസ്. ചെറു ട്രാഫിക് കോണുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത് . എന്നാൽ ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ചതുകൊണ്ട് അപകടങ്ങൾ ഒഴിവാകത്തില്ലെന്നും ചെറു വാഹനങ്ങൾ വീണ്ടും അപകടത്തിൽപെടാൻ കാരണമാകുകയും ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് ട്രാഫിക് കോണുകൾ സ്ഥാപിച്ചു മണിക്കൂറുകൾക്കകം വാഹനം ഇതിൽ തട്ടി എന്നും നാട്ടുകാർ പറഞ്ഞു. ഇതിനോടകം ചെറുതും വലുതുമായ അൻപതോളം അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. നിരന്തരം അപകടം പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഇവിടെ സിഗ്നൽ സംവിധാനമോ, സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം എന്ന ആവശ്യം കെ.എസ്.ടി.പി യോട് ഉയർത്തിയിരുന്നു. എന്നാൽ ഇതുവരെയും നടപടികൾ ഒന്നുമായിട്ടില്ല. ഇതിനിടെയാണ് ഇന്നലെ പൊലീസിന്റെ വക കുഞ്ഞൻ പരീക്ഷണം നടത്തിയത്.

അമിത വേഗതയും അശ്രദ്ധയും അപകടങ്ങൾക്ക് കാരണം

ഒരു മാസം മുമ്പ് കീക്കൊഴൂർ ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങിയ കാറും റാന്നി ഭാഗത്തു നിന്ന് സംസ്ഥാന പാതയിലൂടെ പത്തനംതിട്ടയിലേക്ക് വന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം. സംസ്ഥാന പാതയിലൂടെ ഓടിയെത്തുന്ന വാഹനങ്ങളുടെ അമിത വേഗവും ഇടറോഡുകളിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ശ്രദ്ധക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

ഒരു വർഷം മുമ്പ് ഉതിമൂട് ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.