അങ്ങാടിക്കൽ: എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അടൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും കൂടെയുള്ളവർക്കും ഉച്ചഭക്ഷണം നൽകുന്നത് പൊതുജന പങ്കാളിത്തത്തോടെ. സർക്കരിൽ നിന്ന് ലഭിക്കുന്നത് വിധികർത്താക്കൾക്കുള്ള ഉച്ചഭക്ഷണ ചെലവ് മാത്രമാണ്. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്കാണ് ഉച്ചഭക്ഷണ ചുമതല. സ്കൂൾ മാനേജ്മെന്റ് , പി.ടി.എ, സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവരാണ് ഉച്ചഭക്ഷണത്തിന്റെ ചെലവ് തുക കണ്ടെത്തുന്നത്.

നാല് ദിവസമായി നടക്കുന്ന കലോത്സവത്തിൽ ആറായിരത്തോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഉച്ചഭക്ഷണം കഴിക്കാൻ പ്രദേശത്ത് ഹോട്ടലുകളില്ല. കൊടുമൺ ജംഗ്ഷനിലെ ഹോട്ടലുകളിൽ എത്താൻ ദൂരമേറെയുണ്ട്.

ഇതേ തുടർന്നാണ് എല്ലാവരുടെയും സഹകരണത്തോടെ ചെലവ് കണ്ടെത്തി സ്വാദിഷ്ടമായ ഭക്ഷണം സ്കൂൾ പാചകശാലയിൽ തയ്യാറാക്കുന്നത്. ചെയർമാൻ അഡ്വ. പ്രകാശ്, വൈസ് ചെയർമാൻ കെ. കെ അശോക് കുമാർ, കൺവീനർ ഡി. രാജാറാവു, ജോയിന്റ് കൺവീനർ എം. ആർ. എസ് ഉണ്ണിത്താൻ, സി വി ചന്ദ്രൻ, ഉപജില്ലാ കമ്മിറ്റി സെക്രട്ടറി ഉബൈദുള്ള എന്നിവരടങ്ങിയതാണ് ഭക്ഷണ കമ്മറ്റി. കലോത്സവം ഇന്ന് സമാപിക്കും.