forest-

കോന്നി: ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനം തുടങ്ങുമ്പോൾ കോന്നി- അച്ചൻകോവിൽ പരമ്പരാഗത പാതയും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ കാൽനടയായി സഞ്ചരിച്ചിരുന്ന പാതയാണിത്.

പാണ്ഡ്യരാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന കോന്നി-അച്ചൻകോവിൽ പരമ്പരാഗത പാത അച്ചൻകോവിലാറിന് വടക്കേക്കരയിലൂടെ കോന്നി-കുമ്മണ്ണൂർ-നടുവത്തുമൂഴി-വയക്കര-കൊണ്ടോടി -കരിപ്പാൻതോട് - തുറ വഴിയാണ് പോകുന്നത്. തിരുവിതാംകൂർ വനം വകുപ്പ് നിർമ്മിച്ച ആദ്യ റോഡ് എന്ന പ്രത്യേകതയും ഈ പാതയ്ക്കുണ്ട്. അച്ചൻകോവിലാറ് മറികടക്കുന്നതിനായി സർക്കാർ വക കടത്തുസർവീസ് അക്കാലത്ത് തുറയിൽ ഉണ്ടായിരുന്നു. പാതയ്ക്ക് സമീപമായി നിരവധി കാനന ക്ഷേത്രങ്ങളുടെയും ജനവാസ കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാൻ കഴിയും. തുറയ്ക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ആവണിപ്പാറയുടെ വടക്ക് കിഴക്കായാണ് മുക്കടമൂഴി അപ്പുപ്പൻ സ്ഥാനം സ്ഥിതി ചെയ്യുന്നത്. കല്ലാറ് , കാനയാറ് , അച്ചൻകോവിലാറ് എന്നിവ സംഗമിക്കുന്ന ത്രിവേണി സ്ഥാനത്തെ വിശ്വാസികൾ പുണ്യസ്ഥാനമായി കരുതുന്നു. മുക്കടമുഴിയുടെ താഴെയായാണ് അറുതല കയം .

പന്തളം പി.ആർ മാധവൻ പിള്ള കോന്നി എം.എൽ.എ ആയിരുന്ന കാലത്താണ് അച്ചൻകോവിലാറിന് തെക്കു ദിശയിലൂടെയുള്ള കോന്നി-അച്ചൻകോവിൽ റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ കോന്നി-കല്ലേലി റോഡിന്റെ നിർമ്മാണത്തിന് 1967 ൽ തുടക്കം കുറിച്ചു. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കല്ലേലി എസ്റ്റേറ്റിൽക്കൂടിയായിരുന്നു ഈ റോഡ് നടുവത്തുമൂഴിയിലേക്ക് പോയിരുന്നത്. പി.ജെ തോമസ് കോന്നി എം.എൽ.എ ആയിരുന്ന 1976 ൽ നിലവിൽ തേക്കിൻ തോട്ടത്തിനുള്ളിൽ കൂടിയുള്ള റോഡ് നിർമ്മാണം ആരംഭിച്ചത് . 1978 ൽ അച്ചൻകോവിൽ റോഡ് നിർമ്മാണം പുനരാരംഭിച്ചു . അച്ചൻകോവിൽ റോഡിലെ ആറ് കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിക്കപ്പെടാൻ 1985 വരെ കാത്തിരിക്കേണ്ടി വന്നു. ചിറ്റൂർ ശശാങ്കൻ നായർ കോന്നി എം.എൽ. എയായിരിക്കുന്ന കാലത്താണ് റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.

ഉപേക്ഷിച്ചത് യാത്രാദുരിതം മൂലം

ധാരാളം തീർത്ഥാടകരാണ് ഒരുകാലത്ത് കാൽനടയായി ഇതുവഴി ശബരിമലയിലേക്ക് പോയിരുന്നത്. തീർത്ഥാടന പാത എന്ന നിലയിൽ വിശുദ്ധിയോടെയാണ് ആളുകൾ പാതയെ കണ്ടിരുന്നത്. വന്യമൃഗ ശല്യവും മഴക്കാലത്ത് നിരവധി തോടുകൾ മറികടക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് പിന്നീട് ഇൗ പാത ഉപേക്ഷിക്കുകയായിരുന്നു. അച്ചൻകോവിലിന്റെ മറുകരയിൽ തേക്കിൻതോട്ടങ്ങൾ വ്യാപിക്കുകയും തുറയുമായി ബന്ധിപ്പിക്കുന്ന കൂപ്പ് റോഡുകൾ പിന്നീട് നിലവിൽ വരികയും ചെയ്തു.

---------------------

പുരാതന അച്ചൻകോവിൽ-കോന്നി കാനന പാതയെപ്പറ്റി 1942-ൽ പ്രസിദ്ധീകരിച്ച ഒരു ബാലസാഹിത്യ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.

ഡോ: അരുൺ ശശി ( ചരിത്ര ഗവേഷകൻ )