കോഴഞ്ചേരി : പാലത്തിന് സമീപം പമ്പാ നദിയുടെ തീരത്ത് മാലിന്യം കുന്നു കൂടുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിയ രീതിയിൽ ഇവിടെ തള്ളിയിരിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും നദിയുടെ തീരത്ത് മാലിന്യങ്ങൾ നിറയുകയാണ്. ജല നിരപ്പുയരുമ്പോൾ ഇവയെല്ലാം നദിയിലേക്ക് ഒഴുകിയിറങ്ങും. സമീപത്തെ കടകളിൽ നിന്നുള്ള മാലിന്യങ്ങളും പുറത്ത് നിന്നെത്തുന്ന മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കപ്പെടുന്നുണ്ട്. നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പാ നദിയുടെ കരകളിൽ ക്യാമറ സ്ഥാപിച്ച് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നിർദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള കോഴഞ്ചേരിയിൽ മാലിന്യ സംസ്കാരണത്തിനായി സൗകര്യമൊന്നുമില്ല. സാമൂഹ്യ വിരുദ്ധർ ഉപേക്ഷിച്ചു പോയ മദ്യകുപ്പികളും വെള്ളകുപ്പികളുമാണ് ഇവിടെ അധികവും. മിനറൽ വാട്ടറിന്റെ കുപ്പികളും തുണികളുമടക്കം നദിയുടെ തീരത്ത് കാണാം. നിരവധിആളുകൾ പമ്പാ നദിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന ജല സ്രോതസുകൂടിയാണ് പമ്പ. മഴപെയ്ത് ജലനിരപ്പുയരുമ്പോൾ ഇവയെല്ലാം ഒരിടത്ത് അടിഞ്ഞു കൂടും.
കോഴഞ്ചേരി സ്റ്റാൻഡിലും ദുർഗന്ധം
കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ മാലിന്യം വൃത്തിയാക്കാൻ ജീവനക്കാരുണ്ടെങ്കിലും ദുർഗന്ധം കാരണം സ്റ്റാൻഡിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്. മൂക്ക് പൊത്തിയാണ് യാത്രക്കാർ പോകുന്നത്. രാത്രിയിൽ ജീവനക്കാർ പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ വൃത്തിയാക്കും. ഇവിടെ മാലിന്യം നിക്ഷേപിക്കാൻ സൗകര്യമില്ലാത്തതും സ്റ്റാൻഡ് വൃത്തികേടാകാൻ ഒരു കാരണമാണ്.
ശബരിമല തീർത്ഥാടന കാലത്ത് കോളിഫോം ബാകടീരിയ കൂടുതലായി കാണുന്ന നദിയാണ് പമ്പ. സീസൺ എത്തുന്നതിന് മുമ്പും പമ്പ വലിയ രീതിയിൽ മലിനമാണെന്നതിന്റെ തെളിവാണ് കോഴഞ്ചേരി പാലത്തിന്റെ ഇരുവശവുമുള്ള മാലിന്യക്കൂനകൾ. അധികൃതർ ഇതൊന്നും കാണാത്ത മട്ടാണ്.
വർഗീസ് തോമസ്
(കോഴഞ്ചേരി സ്വദേശി)