
പന്തളത്ത് വേണം കൂടുതൽ സൗകര്യങ്ങൾ
പന്തളം: ശബരിമല തീർത്ഥാടനത്തിന് 15ന് നട തുറക്കാനിരിക്കെ തീർത്ഥാടകർ ഏറെയെത്തുന്ന പന്തളത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. . പന്തളത്തിന് പ്രാധാന്യമേറെയാണെങ്കിലും അധികൃതർ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് പരാതി. അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
1 @ പന്തളത്ത് എത്തിയാൽ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ശബരിമലയിലേക്കും പോകേണ്ട വഴി അറിയാൻ ബുദ്ധിമുട്ടാണ്. രാത്രി വ്യാപാര സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ പന്തളം ജംഗ്ഷനിൽ വെളിച്ചമില്ല. . വഴിയറിയാൻ ഒരു നല്ല ബോർഡുപോലുമില്ലാത്ത അവസ്ഥ.
2 @ പന്തളത്തുനിന്ന് എം.സി.റോഡിലൂടെയെത്തുന്നവർ പന്തളം ജംഗ്ഷനിൽ നിന്ന് തിരിയാതെ നേരേ പോകുന്നത് ചെങ്ങന്നൂരിലേക്കോ അടൂരിലേക്കോ ആണ്. എരുമേലിയിലേക്ക് പോകുന്നത് എവിടെനിന്നാണെന്ന് കാണിക്കുന്ന വഴികാട്ടിയും ഇവിടെയില്ല. വഴികാണിക്കാനുള്ള ബോർഡ് സ്ഥാപിക്കാൻ സിഗ്‌നൽ ലൈറ്റിന്റെ തൂണിൽത്തന്നെ സൗകര്യമുണ്ടെങ്കിലും ഇത് പരസ്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. .
3 @ പന്തളത്തെത്തുന്ന തീർത്ഥാടകർക്ക് പത്തനംതിട്ടവഴി പമ്പയിലേക്കെത്താൻ പ്രധാനമായും രണ്ട് വഴികളാണുള്ളത്. നരിയാപുരം, കൈപ്പട്ടൂർ വഴിയും കുളനട ഓമല്ലൂർ വഴിയും. രണ്ട് റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയെന്നാണ് രേഖകൾ. ടാറിംഗ് പൂർത്തിയായതല്ലാതെ പണികൾ ഇപ്പോഴും ബാക്കിയുണ്ട്. തകർന്ന ഭാഗം നന്നാക്കൽ, കുടിവെള്ള പൈപ്പിനായി കുഴിയെടുത്ത റോഡരിക് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യൽ, മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കൽ തുടങ്ങി ചെയ്യാനുള്ള ജോലികൾ ധാരാളമാണ്.
4 @ ചെറിയ റോഡുകൾ മിക്കതും ടാറിംഗ് ഇളകിയും കോൺക്രീറ്റ് അടർന്നും തകർന്നുകിടക്കുകയാണ്. തുമ്പമൺ ഭാഗത്ത് ഒരു വശത്തെ ടാറിംഗ് ഇടിഞ്ഞുതാഴുന്നുമുണ്ട്. പന്തളം- പത്തനംതിട്ട റോഡിൽ രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി മാത്രമേയുള്ളു. തുമ്പമൺ മുട്ടം മുതൽ കടയ്ക്കാട് പാലം വരെയുള്ള റോഡ് ഉയർത്തിയഭാഗം തഴേക്ക് ഇരുത്തി റോഡ് വിണ്ടുകീറിയത് നന്നാക്കിയിട്ടില്ല.