a

പമ്പ: പമ്പയിൽ പാർക്കിംഗിന് ഹൈക്കോടതി അനുമതി നൽകിയതോടെ രണ്ടായിരത്തോളം വാഹനങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്ന ജോലികൾ വേഗത്തിലായി. പമ്പയിൽ പാർക്കിംഗ് അനുവദിച്ചതോടെ തിരക്കേറുന്ന ദിവസങ്ങളിൽ നിലയ്ക്കലിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കഴിയും. നിലയ്ക്കലിൽ പുതിയ മൂന്ന് പാർക്കിംഗ് ഗ്രൗണ്ടുകൾ കൂടി ഇൗ വർഷം തയ്യാറാക്കിയിട്ടുണ്ട്.

ഫാസ് ടാഗ് വാഹനങ്ങൾക്കും ഇല്ലാത്തവയ്ക്കും പമ്പയിൽ പാർക്ക് ചെയ്യാം. ഫാസ് ടാഗ് ഇല്ലാത്തവർക്ക് തൽസമയ രസീതുകൾ നൽകും. ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്നാണ് ദേവസ്വം ബോർഡ് ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തുന്നത്. നാളെ വൈകിട്ട് മുതൽ ഇവിടെ പാർക്കിംഗ് അനുവദിക്കും. പമ്പ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ചക്കുപാലം രണ്ടിലും പമ്പ ഹിൽടോപ്പിലുമാണ് പാർക്കിംഗ് സൗകര്യം. പതിനഞ്ച് സീറ്റിൽ താഴെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി. ഏഴ് സീറ്റ് വാഹനൾക്കും ചെറുകാറുകൾക്കും മുച്ചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് നൽകിയ ഹർജിയെ തുടർന്നാണ് ചക്കുപാലത്തും ഹിൽടോപ്പിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയുംഅടങ്ങിയ ദേവസ്വം ബഞ്ച് ഉത്തരവിട്ടത്. 24 മണിക്കൂറും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ താത്കാലികമായാണ് അനുമതി. ഗതാഗതക്കുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ പാർക്കിംഗ് നിരോധിക്കും. ചെയിൻ സർവീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർക്കിംഗ് അനുവദിക്കരുതെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം ഹൈക്കോടതിതള്ളി.

2018ലെ പ്രളയത്തെ തുടർന്ന് പമ്പയിലെ പാർക്കിംഗ് ഹൈക്കോടതി നിരോധിച്ചിരുന്നു.

# ഹിൽടോപ്പിൽ 1500 വാഹനങ്ങൾ

# ചക്കുപാലം രണ്ട് 500

------------------

പമ്പയിലെ പാർക്കിംഗ് ഫീസ്

15സീറ്റിൽ താഴെയുള്ള വാഹനങ്ങൾ 50

ചെറുകാറുകൾ 30

മുച്ചക്ര വാഹനങ്ങൾ 15