temple-

കോന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലം മകരവിളക്ക് കാലത്ത് നിരവധി തീർത്ഥാടകർ എത്തിച്ചേരുന്ന പ്രധാന ക്ഷേത്രമാണ് മലയാലപ്പുഴ ദേവി ക്ഷേത്രം. അച്ചൻകോവിൽ കോന്നി വനപാതയിലൂടെ കാൽനടയായി വരുന്ന നിരവധി തീർത്ഥാടകരാണ് മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ വിശ്രമിക്കുന്നത്. കോന്നി മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിലെ ഇടത്താവളത്തിൽ വിശ്രമിച്ച ശേഷം യാത്രാതിരിക്കുന്ന തീർത്ഥാടകർ ചങ്കൂർ മുക്ക്, അട്ടച്ചാക്കൽ, ആഞ്ഞിലികുന്ന്, കിഴക്കുപുറം, ഇലക്കുളം, കാഞ്ഞിരപ്പാറ വഴി മലയാലപ്പുഴ ക്ഷേത്രത്തിലെത്തി വിശ്രമിക്കുന്നു. തുടർന്ന് മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി കുമ്പളാംപൊയ്ക വഴി വടശ്ശേരിക്കരയിലേക്കും പോകുന്നു. വാഹനങ്ങളിൽ എത്തുന്ന നിരവധി തീർത്ഥാടകരും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രമായ മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്.

ക്ഷേത്രത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് വിശ്രമിക്കുവാൻ ക്ഷേത്രാങ്കണത്തിലെ നടപ്പന്തലും, പടിഞ്ഞാറൻ നടയിലെ സ്റ്റേജും മാത്രമാണ് നിലവിലുള്ളത്. ടൂറിസം വകുപ്പിന്റെ പിൽഗ്രിം അമിനിറ്റി സെന്റർ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുണ്ട്. ഇവിടെ പണം അടച്ചാൽ മാത്രമേ തീർത്ഥാടകർക്ക് വിശ്രമിക്കാൻ മുറികൾ കിട്ടുകയുള്ളു. കോന്നി മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിൽ നിന്നും കാൽനടയായി സഞ്ചരിക്കുന്ന തീർത്ഥാടകർക്ക് ആഞ്ഞിലികുന്നു മുതൽ മലയാലപ്പുഴ വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ വശങ്ങളിൽ വളർന്നുനിൽക്കുന്ന പൊന്തക്കാടുകൾ ഭീഷണിയാണ്. ഇവിടെ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും ഉണ്ട്. തമിഴ്നാട്ടിൽ നിന്ന് കാൽനടയായി എത്തുന്ന തീർത്ഥാടകരാണ് അച്ചൻകോവിൽ കോന്നി വനപാതയിലൂടെ സഞ്ചരിച്ച് മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ എത്തുന്നത്.

---------------

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം മുതൽ മലയാലപ്പുഴ വരെയും മലയാലപ്പുഴ മുതൽ മണ്ണാറക്കുളഞ്ഞി വരെയും ഉള്ള ഭാഗങ്ങളിലെ റോഡിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.

പ്രീജ പി നായർ ( പ്രസിഡന്റ്,​ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് )