
പത്തനംതിട്ട: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. നവീൻ ബാബുവിന്റെ സംസ്കാര ദിവസം രാവിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നെങ്കിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചശേഷം തങ്ങളുടെ മൊഴി രേഖപ്പെടുത്താത്തതിൽ കുടുംബത്തിന് പരാതി ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരി, എസ്.സി.പി.ഒ ഷൈജു, സി.പി.ഒ ഷിജി, ഡ്രൈവർ മണി എന്നിവരടങ്ങിയ സംഘമെത്തിയത്. രാവിലെ 10.30ന് കളക്ടറേറ്റിലെത്തി അനുമതി തേടിയ ശേഷമാണ് വീട്ടിലെത്തിയത്.
നവീനിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊഴിയെടുത്തു. മക്കളായ നിരഞ്ജന, നിരുപമ, മഞ്ജുഷയുടെ അമ്മാവൻ ബാലകൃഷ്ണൻ നായർ, അദ്ദേഹത്തിന്റെ മകൻ ഗിരീഷ് എന്നിവരും വീട്ടിലുണ്ടായിരുന്നു. 2.30ന് സംഘം മടങ്ങി. നവീൻ ബാബുവിന്റെ അച്ഛന്റെ ഓർമ്മ ദിവസം കൂടിയായിരുന്നു ഇന്നലെ.
കഴിഞ്ഞ മാസം 14ന് നടന്ന യാത്രഅയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ നടത്തിയ പരാമർശങ്ങളെ തുടർന്ന് പിറ്റേന്ന് പുലർച്ചെ നവീനിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വ്യക്തത വരുത്തി: മഞ്ജുഷ
മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തിയെന്നും സംസ്കാര ദിവസം മൊഴിയെടുത്തപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിച്ചില്ലെന്നും നവീനിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കളക്ടറോട് നവീൻ ബാബുവിന് അടുപ്പമില്ലായിരുന്നെന്നും അദ്ദേഹത്തോട് തെറ്റുപറ്റിയെന്ന് പറയാൻ സാദ്ധ്യതയില്ലെന്നും ബന്ധു ഗിരീഷ് അന്വേഷണ സംഘത്തെ അറിയിച്ചു. കളക്ടർ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി ഉദ്യോഗസ്ഥർ കുടുംബത്തോട് പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മക്കളോട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് അവർ പറഞ്ഞു.