kadav-1
ശബരിമല തീര്‍ഥാടന സീസണ്‍ തുടങ്ങാന്‍ ഒരു നാള്‍ മാത്രം അവശേഷിക്കെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴ കടവില്‍ ശുചീകരണം നടത്തി


ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനം തുടങ്ങാൻ ഒരു നാൾ മാത്രം അവശേഷിക്കെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴ കടവിൽ ശുചീകരണം നടത്തി. കേരള കൗമുദി ഒക്ടോബർ 21 ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പടവുകളിലെ കാടുകൾ നീക്കിയും കടവിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ വാരികളഞ്ഞും പരിസരം ശുചീകരിച്ചുമാണ് ആറാട്ടുകടവിനെ തീർത്ഥാടകസൗഹൃദമാക്കിയിട്ടുള്ളത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനം ടെൻഡർ എടുത്ത് ചെയ്തുവരുന്നത്. കഴിഞ്ഞ വർഷം ആന്ധ്രാ സ്വദേശികളായ രണ്ട് തീർത്ഥാടകരുടെ മരണത്തിന് കാരണമായ പാറക്കടവ് ഇത്തവണ ആർ.ഡി.ഒ ഉത്തരവ് പ്രകാരം കെട്ടിയടച്ചു. ഇതിന്റെ ഭാഗമായി പ്രവേശനം നിരോധിച്ച് പാറക്കടവിന്റെ പ്രവേശന ഭാഗത്ത് സ്റ്റീൽഗേറ്റ് സ്ഥാപിച്ചു. മുന്നറിയിപ്പ് ബോർഡും ഇതോടൊപ്പം സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

.....................

മിത്രപ്പുഴ കടവിൽ എല്ലാ മാലിന്യങ്ങളും നീക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. സുരക്ഷ വേലിയുടെ അറ്റകുറ്റപ്പണികൾ അടുത്ത ദിവസം തന്നെ പൂർത്തിയാക്കും. തീർത്ഥാടകർക്ക് സുരക്ഷിതമായി സ്‌നാനം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കടവിൽ ഉറപ്പാക്കിയിട്ടുണ്ട്.

ഗോപി

(തൊഴിലാളി)​


കേരള കൗമുദി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ മന്ത്രി സജി ചെറിയാന്റെ ഇടപെടൽ ഉണ്ടായതാണ് കടവിന്റെ ശുചീകരണം വേഗത്തിലാക്കിയത്.

(ബാബു കല്ലൂത്ര)​

.......................

മിത്രപ്പുഴ കടവ് ഇപ്പോൾ നല്ല രീതിയിൽ ശുചിയാക്കിയിട്ടുണ്ട്. ഇനിമുതൽ കടവിൽ തന്നെ സ്‌നാനം ചെയ്യാനാണ് തീരുമാനം.

ഹരി

(സമീപവാസി)​