ചെങ്ങന്നൂർ : കിണറ്റിൽ വീണ ചത്തകാട്ടുപന്നിയുടെ ജഡം സംസ്കരിക്കാൻ കഴിയാതെ വീട്ടുടമസ്ഥൻ വലഞ്ഞു.വെൺമണി ചാങ്ങമല കുഴിപ്പറമ്പിൽ ദിലീപ് കുമാറാണ് കാട്ടുപന്നിചത്തതുകാരണം ദുരിതത്തിലായത്. അപകടത്തിൽ പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ രണ്ട് മാസത്തിലധികമായി വീട്ടിൽ വിശ്രമിച്ചിരുന്ന ആളാണ് ദിലീപ് .ഇയാളുടെ വീടിന് സമീപത്തുള്ള ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടുപന്നി അകപെട്ടത്. ഇന്നലെ രാവിലെ കിണറിനു സമീപം ദുർഗന്ധം വമിച്ചതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് പന്നി കിണറ്റിൽ അകപ്പെട്ട വിവരം അറിയുന്നത്. വീട്ടുകാർ വിവരം വെൺമണി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് പൊലീസ് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചപ്പോൾ പന്നി ചത്തതായതിനാൽ ജഡം പഞ്ചായത്ത് അധികൃതരെ അറിയിച്ച് മറവ് ചെയ്യിക്കാനായിരുന്നു നൽകിയ നിർദ്ദേശം. എന്നാൽ പന്നിയുടെ ജഡം സംസ്കരിക്കാൻ ഫണ്ടില്ലന്ന് പഞ്ചായത്ത് അറിയിച്ചതോടെ യുവാക്കൾ സംഘടിച്ച് പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് നടപടിയായത്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം മുൻപ് ഉണ്ടായിട്ടുണ്ട്.