
തിരുവല്ല : സംസ്ഥാന ബഡ്ജറ്റിൽ നിന്ന് പണം അനുവദിച്ച് നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന കോമളം, ഉപദേശിക്കടവ് പാലങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി മാത്യു ടി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് (പാലങ്ങൾ), വൈദ്യുതി, ജലഅതോറിറ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കരാറുകാർ എന്നിവരുടെ സംഘം സ്ഥലങ്ങൾ സന്ദർശിച്ച് പണികൾ വിലയിരുത്തി. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അജിത്ത് കുമാർ, അസി.എക്സിക്യുട്ടീവ് എൻജിനീയർ ഷീജ തോമസ്, അസി.എൻജിനീയർ സ്മിത. ആർ, കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർ രാജേഷ് കുമാർപിള്ള, വാട്ടർ അതോറിറ്റി അസി.എൻജിനീയർ അനിൽ, ജിജി മാത്യു, അലക്സ് കണ്ണമല, ശിവദാസ് യു.പണിക്കർ, ബിനു വർഗീസ്, രാമചന്ദ്രൻ, ജോളി റെജി, ബാബു പാലക്കൽ, ജോസ് കുറഞ്ഞൂർ,ജോസഫ് തോമസ്, സുരേഷ് പരുമല, ഷിബുവർഗീസ്, സോജിത്ത്, രഘുനാഥൻനായർ എന്നിവർ പങ്കെടുത്തു.
കോമളം മേയിൽ
2021ൽ ഉണ്ടായ പ്രളയത്തിൽ കോമളം പാലത്തിന്റെ അപ്രോച്ച്റോഡ് തകരുകയും തുടർന്ന് ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പാലം പുതുക്കി പണിയണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. . 2022-23ലെ സംസ്ഥാന ബഡ്ജറ്റിൽ 12കോടി അനുവദിച്ച് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ഇപ്പോൾ പുരോഗതിയിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തുന്നത്. മണിമലയാറ്റിൽ മഴക്കാലത്ത് പാലം നിർമ്മിക്കുന്ന സ്ഥലത്ത് അതിശക്തമായ ഒഴുക്കുണ്ടായി നദിയുടെ മദ്ധ്യഭാഗത്തു നിർമ്മാണം തടസപ്പെട്ടതു കാരണമാണ് പണികളുടെ വേഗം കുറഞ്ഞതെന്നും അനുകൂലമായ കാലവസ്ഥയാണെങ്കിൽ മേയ് മാസത്തിൽ നിർമ്മാണം പൂർത്തീകരിക്കുവാൻ കഴിയുമെന്നും കരാറുകാരൻ ഉറപ്പുനൽകി.
അനുവദിച്ചത് 12 കോടി
------------------
ഉപദേശിക്കടവ് ജനുവരിയിൽ
ഉപദേശിക്കടവ് പാലം പണിയുന്നതിന് 2019 -20ലെ ബഡ്ജറ്റിൽ 20ശതമാനം തുക വകയിരുത്തി 23.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ രൂപകല്പനയിൽ മാറ്റം വരുത്തേണ്ടി വന്നതും സ്ഥലത്തെ മണ്ണിന്റെ ഘടനയിലുള്ള പ്രത്യേകതകളും കാരണമാണ് നിർമ്മാണത്തിന്റെ പുരോഗതി തടസപ്പെട്ടത്. തിക്കപ്പുഴ ഭാഗത്തെ അപ്പ്രോച്ച് റോഡ് നാലുമീറ്റർ വീതിയിൽ ജനുവരിക്ക് മുമ്പ് ടാർ ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുക്കും. റോഡിന്റെ ബാക്കിയുള്ള ഭാഗത്തെ വീതിയെടുക്കാൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.
23.73 കോടിയുടെ ഭരണാനുമതി