പന്തളം: പൂഴിക്കാട് തവളംകുളം ശ്രായിച്ചേരിൽ സുദർശനന്റെ ഗർഭിണി പശു യഥാസമയം ചികിത്സ ലഭിക്കാതെ ചത്തു . മൃഗ ഡോക്ടറുടെ അനാസ്ഥയാണ് കാരണമെന്ന് പരാതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ പ്രസവം ദുഷ്‌കരമായതിനെ തുടർന്ന് പന്തളം മൃഗാശുപത്രിയിൽ നിന്ന് ഡോക്ടറെ വിളിച്ചുവരുത്തിയിരുന്നു. ഡോക്ടർ എത്തുമ്പോൾ കിടാരിയുടെ തലയും കൈകളും പുറത്തേക്ക് വന്ന നിലയിലായിരുന്നു. ഏറെ നേരം കിടാരിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് തലയും കൈകളും മുറിച്ചുമാറ്റുകയായിരുന്നു. എന്നാൽ ബാക്കിഭാഗം പുറത്തെടുക്കാതെ ഡോക്ടർ മടങ്ങി. ഇന്നലെ ഉച്ചയോടെ പശുവിന്റെ സ്ഥിതി മോശമാകുകയും ചാവുകയുമായിരുന്നു. ശസ്ത്രക്രിയ നടത്തി കിടാരിയെ പൂർണമായും പുറത്തെടുത്തിരുന്നെങ്കിൽ പശുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സുദർശനൻ പറഞ്ഞു.