kc-rajn
കെ സി രാജൻ

പത്തനംതിട്ട : വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിക്ക് അപമാനമുണ്ടാക്കും വിധം ഫോട്ടോയും വ്യക്തിവിവരങ്ങളും മാട്രിമോണിയൽ സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് ഇവരെയും സുഹൃത്തിനെയും കബളിപ്പിച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പെരിങ്ങനാട് നിധിൻ ഭവനം വീട്ടിൽ താമസിക്കുന്ന കെ സി രാജൻ (54), ഇയാളുടെ ഭാര്യ ബിന്ദു രാജൻ(48) എന്നിവരാണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി എറണാകുളം സ്വദേശി തോമസ് ഒളിവിലാണ്.

തോമസും രാജനും ചേർന്നാണ് മാട്രിമോണിയൽ സൈറ്റ് നടത്തിയത്. തോമസിന്റെ ഫോണിൽ നിന്നും ഫോട്ടോയും മറ്റു വിവരങ്ങളും
സൈറ്റുകളിൽ അയക്കുകയും, അങ്ങനെ കിട്ടിയ പണം രാജന്റെയും ബിന്ദുവിന്റേയും ഗൂഗിൾ പേയിലും നേരിട്ടും നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ പൊലീസിൽ യുവതി മൊഴി നൽകിയതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു.
ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.