 
തിരുവല്ല : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിതസഭ ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ഇടിഞ്ഞില്ലം ഗവ.എൽ.പി സ്കൂളിനുള്ള പുരസ്കാരം വിതരണം ചെയ്തു. സ്കൂളിലെ വിദ്യാർഥികളും പി.ടി.എയും അദ്ധ്യാപകരും ചേർന്ന് തയാറാക്കിയ പേപ്പർ ക്യാരി ബാഗുകളുടെയും തുണിസഞ്ചികളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവഹിച്ചു. വിവിധ സ്കൂളുകളുടെ മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് വിദ്യാർത്ഥി പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. മേപ്രാൽ ഗവ.എൽ.പി സ്കൂൾ മികച്ച റിപ്പോർട്ടിനുള്ള അംഗീകാരം നേടി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അദ്ധ്യാപകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ കുട്ടികളുടെ ഹരിതസഭ നിയന്ത്രിച്ചു.