pambaq
പമ്പയിലേക്കുള്ള ആദ്യ സർവീസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടപ്പോൾ

ചെങ്ങന്നൂർ: തീർത്ഥാടകർക്ക് സൗകര്യമൊരുക്കി മറ്റെല്ലാ വകുപ്പുകളും കാര്യമായി മുന്നോട്ടുപോകുമ്പോഴും ചെങ്ങന്നൂരിലെ കെ.എസ്.ആർ.സി ബസുകളുടെ പാർക്കിംഗ് പ്രശ്നത്തിൽ തീരുമാനമായില്ല. കഴിഞ്ഞ വർഷത്തെ പോലെ എം.സി റോഡിൽ പാർക്ക് ചെയ്യേണ്ടിവരുമെന്നതാണ് കെഎസ്ആർടിസി അനുഭവിക്കുന്ന പ്രശ്നം. ഇന്നലെ രാവിലെ പമ്പയിലേക്കുള്ള ആദ്യ സർവീസ് ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്‌തു. കഴിഞ്ഞ മാസങ്ങളിൽ ചേർന്ന അവലോകനോഗത്തിൽ ശാസ്താപുറം മാർക്കറ്റ് പൊളിച്ചിട്ടിരിക്കുന്ന സ്ഥലം പാർക്കിംഗിനായി വിട്ടുനൽകണമെന്ന് ഡിപ്പോ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആധുനികമായ മാർക്കറ്റ് നിർമ്മാണത്തിനായി ഈ സ്ഥലത്ത് കുഴിയെടുത്തതോടെ ബസ് പാർക്കിംഗ് അസാദ്ധ്യമായി. പിന്നീട് ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ പാർക്കിംഗ് അനുവദിക്കാൻ മന്ത്രി സജി ചെറിയാന് കത്ത് നൽകിയെങ്കിലും ഇതുവരെയും നടപടിയായില്ല. പ്രതിവർഷം നടക്കുന്ന ചെങ്ങന്നൂർ ഫെസ്റ്റ് വേദിയായതിനാൽ ഈ സ്ഥലം കിട്ടാനിടയില്ല.

വരും ദിവസങ്ങളിൽ കൂടുതൽ ബസ് സർവീസ്

വരുന്ന ദിവസങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ കൂടി ചെങ്ങന്നൂരിൽ നിന്നും പമ്പയ്ക്ക് വേണ്ടിവരും. മണ്ഡലമകരവിളക്കു കാലത്തായി 75 ബസുകൾ പമ്പയ്ക്കും തിരിച്ചും സർവീസ് നടത്താനാണ് തീരുമാനം. അധികമായെത്തുന്ന ബസുകൾ എവിടെ പാർക്ക് ചെയ്യാനാകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എം.സി റോഡിൽ ഇവയെല്ലാം നിരത്തിയിട്ടാൽ രാത്രിയിൽ അപകടങ്ങൾക്ക് വഴി തെളിക്കുമെന്നതാണ് പ്രധാന പ്രശ്നം. മാത്രമല്ല, ബസുകളുടെ സുരക്ഷയും അപകടത്തിലാകും. ജീവനക്കാരെ ബസിൽ തന്നെ വിശ്രമിക്കാൻ നിർദേശിച്ചെങ്കിലും അതിൽ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്. തൊഴിലാളി സംഘടനകൾ ഇപ്പോൾ തന്നെ ഇത്തരം നിർദേശത്തിനെതിരെ എതിർപ്പുമായി രംഗത്തുണ്ട്.

..............................

ഇന്നലെ പമ്പയ്ക്ക് സർവീസ് നടത്തിയത് 12 ബസുകൾ

.......................................

5 ബസുകൾ ഡിപ്പോയിലും 5 ബസുകൾ സ്വകാര്യ ബസ് സ്റ്റാൻഡിലും

2 ബസുകൾ റെയിവേ സ്റ്റേഷൻ വളപ്പിലും പാർക്കിംഗ്

.................................

ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ പാർക്കിംഗിന് മന്ത്രി സജി ചെറിയാൻ കത്ത് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പാർക്കിംഗിന് പരിഹാരം ഉണ്ടാകും.
ജോൺ ജേക്കബ്
(മുൻ സ്റ്റേഷൻ മാസ്റ്റർ)