അടൂർ : അടൂർ - കൈപ്പട്ടൂർ റോഡിൽ ആനന്ദപ്പള്ളി ഭാഗത്തുള്ള വലിയ വളവിൽ റോഡ് ഒരു ഭാഗം താഴ്ന്ന് നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ടാറിംഗിൽ നിന്ന് 15സെന്റീമീറ്ററോളം താഴ്ചയിലാണ് സൈഡ് ഭാഗം. 90ഡിഗ്രി വളവിലായ റോഡിൽ ഇറക്കം കൂടിയാകുന്നതോടെ വാഹനങ്ങൾ വേഗത്തിൽ വരികയും ചെറിയ വാഹനങ്ങൾ റോഡിൽ നിന്ന് വശങ്ങളിലേക്ക് ഇറങ്ങി അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങളും സൈക്കിളിൽ വരുന്ന കുട്ടികളും ഓട്ടോറിക്ഷയുമാണ് കൂടുതലും അപകടങ്ങളിൽ പെടുന്നത്. ഒരു വശത്തുകൂടി തോട് ഒഴുകുന്നത് അപകടത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അടൂരിൽ നിന്ന് കൈപ്പട്ടൂർവഴി പത്തനംതിട്ടയിലെത്തി അയ്യപ്പന്മാർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. പൊതുവേ തിരക്കുള്ള റോഡിൽ മണ്ഡലകാലം ആയതോടെ സാധാരണയിൽ അധികം തിരക്കുണ്ട്. ചെറുകാറുകളും അപകടത്തിൽപ്പെടുന്നുണ്ട്. കാറുകളുടെ അടിഭാഗം റോഡിൽ തട്ടുന്ന അത്ര താഴ്ചയുണ്ട് വശങ്ങളിൽ. കുടുംബശ്രീയുടെ ഹോട്ടൽ റോഡിന്റെ വശങ്ങളിലായി ഉള്ളതിനാൽ ഉച്ചയ്ക്ക് ധാരാളം പേർ ഇവിടെ എത്തുന്നതാണ്. ഈ സമയത്ത് റോഡിന്റെ സൈഡിൽ വാഹനങ്ങൾ പാർക്കിംഗും ഉണ്ട്. ഇതിൽ ഇരുചക്ര വാഹനങ്ങളും ചെറിയ കാറുകളും തിരിച്ച് റോഡിലേക്ക് കയറുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.
അപകട കാരണം
ഇറക്കത്തിൽ അമിതവേഗത്തിൽ വാഹനങ്ങൾ പോകുന്നെന്ന പരാതിയും ഉണ്ട്. കെ.എസ്ആർ.ടി.സിയുടെ ദീർഘദൂര വാഹനങ്ങളും, ഭാരം കയറിയ ടിപ്പറുകളും തലങ്ങും വിലങ്ങും പായുന്ന റോഡാണിത്. കയറ്റം കയറി വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കാത്തത് കാരണം ഇറക്കത്തിലേക്കുള്ള വാഹനങ്ങൾ പരമാവധി സൈഡ് പിടിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
പരിഹാരം - കോൺക്രീറ്റ് ഇന്റർലോക്ക്
താഴ്ന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യുകയോ, ഇന്റർലോക്ക് ഇട്ട് ഉയർത്തുകയോ ആണ് പരിഹാരം.
..................................................
പലതവണ ഈ വഴി പോകുന്ന വാഹനങ്ങൾ സൈഡിലേക്ക് മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. തിരക്കേറിയ റോഡിൽ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണേണ്ടതാണ്.
അഡ്വ.ആദിത്യ രാജു
(നാട്ടുകാരൻ)
.................
15 സെന്റീമീറ്റർ താഴ്ചയിൽ റോഡിന്റെ വശം