
തിരുവല്ല : സമഗ്രമായ ചികിത്സയിലൂടെ അനവധി രോഗികൾക്ക് പ്രത്യാശ പകർന്ന പത്തുവർഷത്തെ സേവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിലീവേഴ്സ് ഈസ്റ്റേൺ സഭാദ്ധ്യക്ഷൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ കാൻസർ ചികിത്സാകേന്ദ്രം, രോഗങ്ങൾ കൃത്യമായും വേഗത്തിലും കണ്ടുപിടിക്കുന്ന രോഗനിർണ്ണയകേന്ദ്രം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലാബുകളും ഫാർമസികളും, ഉൾനാടൻപ്രദേശവാസികൾക്കായി സഞ്ചരിക്കുന്ന ആതുരശുശ്രൂഷാകേന്ദ്രവും സജീവ ടെലിമെഡിസിൻ സംവിധാനങ്ങളും, മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ അക്കാഡമികൾ എന്നിങ്ങനെ ബിലീവേഴ്സ് ആശുപത്രിയുടെ അടുത്ത പത്തുവർഷത്തേക്കുള്ള അഞ്ചിന പ്രവർത്തനപദ്ധതികൾ ചടങ്ങിൽ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ, മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാകളക്ടർ പ്രേംകൃഷ്ണൻ.എസ്, ബിലീവേഴ്സ് ഈസ്റ്റേൺ സഭാസെക്രട്ടറി റവ.ഡോ.ഡാനിയൽ ജോൺസൺ, ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു. പത്താം വാർഷികസൂചകമായി 10 കുട്ടികൾക്ക് ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷൻ നടത്തുവാൻ ചെലവാകുന്ന രണ്ടരക്കോടി രൂപയുടെ ചികിത്സാസഹായവും തിരഞ്ഞെടുക്കപ്പെട്ട 10പേർക്ക് ഇലക്ട്രിക് വീൽചെയറുകളും ഗവർണർ വിതരണം ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ്, ബിലീവേഴ്സ് അക്കാഡമി ഓഫ് അലൈഡ് സയൻസ് വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു.