ഇലന്തൂർ: ഇലന്തൂരിന്റെ സന്ധ്യകളിൽ ഇനി മരത്തപ്പിന്റെയും കൈമണിയുടെയും അകമ്പടിയോടെ പടയണി ചോൽകെട്ടുകളും പാട്ടുകളും മുഴങ്ങും. നാലുമാസത്തോളം നീണ്ടുനിൽക്കുന്ന ദിവസേനയുള്ള പടയനിക്കളരിക്ക് ഇന്ന് തുടക്കം കുറിക്കും. ഇലന്തൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം തയാറാക്കിയിട്ടുള്ള കളരിയിൽ മേൽശാന്തി ഓമനക്കുട്ടൻ പോറ്റി പകർന്നു നൽകുന്ന ദീപം പടയണി ആശാൻ ദിലീപ് കുമാർ കളരി വിളക്കിൽ തെളിച്ച് വെറ്റ പോല പാക്ക് സമർപ്പിച്ച് ദക്ഷിണ വയ്ക്കുന്നതോടെ ചടങ്ങുകൾക്ക് ആരംഭമാകും. ഈ വർഷം പുതിയതായി കളരിയിൽ എത്തുന്നവർ ആശാന് ദക്ഷിണ നൽകി കളരി വന്ദനത്തിനുശേഷം കളരിവിളക്കിൽ തൊട്ടുതൊഴുന്നതോടെ തുള്ളൽ വഴങ്ങി വരുന്നതിന് ആവശ്യമായ 'പാടക്കാൽ' ചവിട്ടുന്നത് ആരംഭിക്കും. പടയണി വാദ്യമായ തപ്പു മേള പഠനം ആരംഭിക്കുന്നത് പ്രത്യേകം തയാേറാക്കിയ മരതപ്പിൽ ഗണപതി കൈക്കുശേഷം പാടക്കൈ കൊട്ടി കയറിയാണ് തപ്പുമേളത്തിലേക്ക് കടക്കുന്നത്. ഉച്ചസ്ഥായിയിൽ മാത്രം പാടുന്ന പടയണി പാട്ടിന്റെയും പ്രകൃതി വർണ്ണങ്ങളെ മഷിക്കോലിൽ വരയ്ക്കുന്ന കോലമെഴുത്തിന്റെ പ്രത്യേകം ക്ലാസുകൾ കളരിയിൽ നടക്കും. കളരിയിൽ വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ നാളുകളിൽ അരങ്ങേറ്റം കുറിക്കും. വരുന്ന വർഷത്തെ പടയണി മാർച്ച് ഏഴിന് തുടങ്ങി 14ന് വലിയ പടയണിയോടെ സമാപിക്കും.