neelakandan-
കോടനാട് നീലകണ്ഠൻ

കോന്നി: അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോൾ ചരിഞ്ഞ കോന്നി ആനത്താവളത്തിലെ ലക്ഷണമൊത്ത കൊമ്പൻ കോടനാട് നീലകണ്ഠന്റെ പേരിൽ വനംവകുപ്പിന്റെ കോൺഫറൻസ് ഹാൾ. കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോൺഫറൻസ് ഹാളിന് വനം വകുപ്പ് നൽകിയിരിക്കുന്ന പേര് നീലകണ്ഠൻ മെമ്മോറിയൽ കോൺഫറൻസ് ഹാൾ എന്നാണ്. 2024 ഏപ്രിലിലാണ് നീലകണ്ഠൻ ചരിഞ്ഞത്.

2021 ലാണ് കോടനാട് നിന്ന് നീലകണ്ഠനെ കോന്നി ഇക്കോ ടൂറിസം സെന്ററിൽ എത്തിച്ചത്. അന്ന് കെ യു ജനിഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മാലയണിച്ച് പഴങ്ങൾ നൽകിയാണ് കൊമ്പനെ സ്വീകരിച്ചത്. സംസ്ഥാനത്ത് വനം വകുപ്പിന്റെ കുങ്കി ആന പരിശീലനം ലഭിച്ച ആനകളിൽ ഒന്നായിരുന്നു നീലകണ്ഠൻ. കോന്നിയിൽ നിന്നും കുങ്കി ആന പരിശീലനത്തിനായി കൊണ്ടുപോയ സുരേന്ദ്രന്റെ പകരക്കാരനായാണ് നീലകണ്ഠനെ വനം വകുപ്പ് കോന്നിയിൽ എത്തിച്ചത്. നാട്ടുകാരുടെയും ആന പ്രേമികളുടെയും എതിർപ്പിന് ഇടയിലാണ് സുരേന്ദ്രനെ കുങ്കി ആന പരിശീലനത്തിനായി കോന്നിയിൽ നിന്നും കൊണ്ടുപോയത്. പകരം വന്ന നീലകണ്ഠൻ ഇക്കോ ടൂറിസം സെന്ററിലെ സന്ദർശകരുടെ കൗതുകമായി മാറുന്നതിനിടയാണ് ചരിഞ്ഞത് . 1996 ൽ മലയാറ്റൂർ വനം ഡിവിഷനിലെ വടാട്ടുപാറ ഭാഗത്ത് പഴയ വാരിക്കുഴിയിൽ വീണ രണ്ട് വയസുള്ള നീലകണ്ഠനെ വനം വകുപ്പിന് ലഭിച്ചത്. ചരിഞ്ഞ കൊമ്പന്റെ മൃതദേഹം അന്ന് ഇക്കോ ടൂറിസം സെന്ററിൽ പൊതുദർശനത്തിന് വച്ചിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കുമ്മണ്ണൂർ വനത്തിൽ എത്തിച്ചു പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷം മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

നീലകണ്ഠൻ ചരിഞ്ഞതിന്റെ അടുത്തമാസം ഇക്കോ ടൂറിസം സെന്ററിലെ കോൺഫറൻസ് ഹാളിന് വനം വന്യജീവി വകുപ്പ് നീലകണ്ഠന്റെ പേര് നൽകുകയായിരുന്നെന്ന് കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി അജികുമാർ പറഞ്ഞു.