
മല്ലപ്പള്ളി: പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തും വലിയ തോട്ടിലും മാലിന്യം തള്ളുന്നതായി ആക്ഷേപം ശക്തമാകുന്നു. ബസ് സ്റ്റാൻഡിന്റെ കിഴക്കേ ഭാഗത്താണ് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത്. സമീപത്തായി പ്ലാസ്റ്റിക്ക് കുപ്പികളും വലിച്ചെറിഞ്ഞിട്ടുണ്ട്. വലിയ പാലത്തിനടുത്തേക്ക് എത്തുന്നതിന് നിർമ്മിച്ചിട്ടുള്ള പടവുകൾക്ക് സമീപത്താണിത്. പൊതുജനങ്ങൾ മൂത്രവിസർജ്ജനം നടത്തുന്നതും ഇവിടെയായതിനാൽ ദുർഗന്ധം മൂലം സമീപത്തുള്ള വ്യാപാരികളും ദുരിതത്തിലാണ്. ബസ് സ്റ്റൻഡിനു സമീപത്തു കൂടി ഒഴുകുന്ന വലിയ തോട്ടിലേക്കും മാലിന്യം തള്ളുന്നവരുമുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കുറെ ഇടങ്ങളിൽ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു ഗുണവുമില്ലാത്ത സ്ഥിതിയാണ്. മല്ലപ്പള്ളിയിലെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിനും കിണറിനും അടുത്തേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്. ജലശുദ്ധീകരണ സംവിധാനമില്ലാത്ത പദ്ധതിയിലൂടെ എത്തുന്ന വെള്ളമാണ് ഗാർഹിക - ഗാർഹികേതര ആവശ്യങ്ങൾക്കായി ഗ്രാമവാസികൾ ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ ടോയ്ലെറ്റ് നിർമ്മാണത്തിനായി കടകൾ ഒഴിപ്പിച്ച സ്ഥലത്തും പ്ലാസ്റ്റിക്ക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യം അനുദിനം തള്ളുന്നുണ്ട്. ഇവിടെ മാലിന്യം ഇടുന്നതിന് നിരോധനമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് യാത്രക്കാരുടെയും പരാതി.
........................
പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്തിലും,നീരുറവച്ചാലായ വലിയ തോട്ടിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണം. ഗാർഹീക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വെള്ളത്തിലൂടെ മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുവാനുള്ള സാദ്ധ്യത പരിഗണിച്ച് നിയമ നടപടി വൈകാതെ നടപ്പിലാക്കണം.
മനോജ്
(പ്രദേശവാസി)