
പത്തനംതിട്ട: വന്യജീവികൾ കാർഷികവിളകൾ നശിപ്പിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ വനംവകുപ്പ് നൽകുന്ന തുക മുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. സംസ്ഥാനസർക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് കാരണം. വനംവകുപ്പ് ഡിവിഷണൽ ഓഫീസുകളുടെ പരിധിയിൽ നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. അപേക്ഷകളുടെ മുൻഗണനാക്രമം അനുസരിച്ചാണ് നഷ്ടപരിഹാരം നൽകുക. എന്നാൽ, എത്ര തുക കൊടുക്കാനുണ്ട് എന്നതിന് വനംവകുപ്പിന്റെ പക്കൽ ഏകീകരിച്ച കണക്കില്ല.
നഷ്ടപരിഹാരം അവസാനമായി കൊടുത്തത് കഴിഞ്ഞ വർഷം ഏപ്രിലിലാണ്. കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസർ അന്വേഷിച്ചു നൽകുന്ന സർട്ടിഫിക്കറ്റ് സഹിതമാണ് വനംവകുപ്പ് റേഞ്ച് ഓഫീസുകളിൽ കർഷകർ അപേക്ഷിക്കേണ്ടത്. വനംവകുപ്പ് വീണ്ടും അന്വേഷിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകൾ മുഖേന നഷ്ടപരിഹാരം അനുവദിക്കുന്നത്.
തുക 9 വർഷം മുമ്പ് പ്രഖ്യാപിച്ചത്
കാട്ടനകൾ, പന്നി, കുരങ്ങ് തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നത്. നഷ്ടപരിഹാരമായി വനംവകുപ്പ് നൽകുന്നത് ഒൻപത് വർഷം മുമ്പ് പ്രഖ്യാപിച്ച തുകയാണ്. കൃഷി, വനംവകുപ്പ് ഓഫീസുകളിൽ കയറിയിറങ്ങുന്നതിന് ഇത് തികയില്ലെന്നാണ് കർഷകരുടെ പരാതി. കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്നാണ് ആവശ്യം.
നഷ്ടപരിഹാര തുക
കായ്ഫലമുള്ള തെങ്ങ് : 770
കായ്ക്കാത്തത് : 385
ഒരു വർഷം പ്രായമുള്ള തെങ്ങ് :110
ഏത്തവാഴ കുലച്ചത് :110
കുലയ്ക്കാത്തത് : 83
ടാപ്പ് ചെയ്യുന്ന റബർ ഒന്നിന്: 330
ടാപ്പ് ചെയ്യാത്തത്: 220
പച്ചക്കറി 10 സെന്റ്: 220
പൈനാപ്പിൾ 10 സെന്റ് : 825
കാപ്പി 110
ഏലം ഹെക്ടർ 2750
നെല്ല് ഹക്ടർ 11000
ഒന്നര ഏക്കറിൽ നെൽകൃഷി നടത്തിയത് കാട്ടുപന്നികൾ നശിപ്പിച്ചു. വനംവകുപ്പിന്റെ നഷ്ടപരിഹാരം കിട്ടിയില്ല.
മനോജ്, നെൽകർഷൻ,വള്ളിക്കോട്
ഉരുൾദുരന്തം : ബാങ്ക് വായ്പയും
ഉറക്കം കെടുത്തുന്നു
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിന് പുറമേ ബാങ്ക് വായ്പയും ദുരന്തബാധിതരുടെ ഉറക്കം കെടുത്തുന്നു. ദുരന്ത മേഖലയിലുളളവർ എടുത്ത വായ്പകളാണ് കേന്ദ്രത്തിന്റെ മുന്നിലുളളത്.
പ്രദേശത്തെ പന്ത്രണ്ട് ബാങ്കുകളിലായി 3220 വായ്പകളിൽ 35.32കോടി രൂപയാണ് ദുരന്തബാധിതരുടെ കടം. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് വായ്പകൾ എഴുതിത്തളളാൻ കേരള ബാങ്ക് തീരുമാനിച്ചിരുന്നു. വായ്പ ക്രമവത്ക്കരിക്കാൻ റവന്യൂ വകുപ്പ് ക്യാമ്പ് നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം ബാങ്കുകൾ കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിച്ചതും ആദ്യ വർഷം മൊറട്ടോറിയം പ്രഖ്യാപിച്ചതും ആശ്വാസമായിരുന്നു. എന്നാൽ വായ്പ എഴുതിത്തളളലാണ് ശാശ്വത പരിഹാരമെന്ന് ദുരന്തബാധിതർ പറയുന്നു.
അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്തനിവാരണ വകുപ്പിന് കടങ്ങൾ എഴുതിത്തളളാനുളള നിർദ്ദേശം നൽകാനാകും. ധനകാര്യ സ്ഥാപനങ്ങൾ പുതിയ വായ്പകൾ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഉരുൾ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തളളാനാവില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.മൊറട്ടോറിയമോ ബാദ്ധ്യതകളുടെ പുനഃക്രമീകരണമോ ആണ് സാദ്ധ്യമായ വഴി. ഇത് അതത് ബാങ്കുകൾക്ക് തീരുമാനിക്കാമെന്നാണ് ആർ.ബി.ഐ നിർദ്ദേശം.