മല്ലപ്പള്ളി : മദ്ധ്യ തിരുവിതാംകൂറിലെ പ്രാചീന വ്യാപാര വാണിജ്യ മേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് ഇന്നലെ തുടക്കമായി. രാവിലെ ചരൽക്കുന്ന് മയിലാടും പാറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് നിരവധി ഭക്തരുടെ നേതൃത്വത്തിൽ നവ ധാന്യഘോഷയാത്ര തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. മയിലാടുംപാറ ക്ഷേത്രം സമിതി പ്രസിഡന്റ് സി.എസ്. അനീഷ്‌കുമാർ,സെക്രട്ടറി കെ.ആർ.രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധാന്യം എഴുന്നെള്ളത്ത്. കൊടിമരച്ചുവട്ടിലെ വെള്ളി പരമ്പിൽ കേരള പുലയർ മഹാസഭ സംസ്ഥാന സെക്രട്ടറി തുറവൂർ സുരേഷ് ധാന്യസമർപ്പണം നടത്തി.വൃശ്ചിക വാണിഭമേളയുടെ ഉദ്ഘാടനം കർഷകശ്രീ അവാർഡ് ജേതാവായ നടൻ കൃഷ്ണപ്രസാദ് നിർവഹിച്ചു .കാർഷിക സമൃദ്ധി നിലനിന്ന ഗ്രാമീണ നന്മയാണ് വൃശ്ചിക വാണിഭത്തിൽ തെളിയുന്നതെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. പാരമ്പര്യ അവകാശികൾ വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തി .മേൽശാന്തി മനോജ് നാരായണൻ നമ്പൂതിരിയാണ് ഭദ്രദീപം പകർന്നത്. ഉപദേശക സമിതി പ്രസിഡന്റ് പി.ജി.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു ഉദ്ഘാടന സഭ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, സാജൻ മാത്യു, ശ്രീജാ.ടി.നായർ, പി.എ.അനിൽ കുമാർ,കെ.പി.എം.എസ് സംസ്ഥാന അദ്ധ്യക്ഷ കെ.ബിന്ദു, പി.ജി.ജയൻ, അഖിൽ.എസ്.നായർ,ജെ.എസ്.കവിത, കെ.വന്ദന തുടങ്ങിയവർ പങ്കെടുത്തു. 41ദിവസം നീണ്ടുനിൽക്കുന്ന കളമെഴുതി പാട്ടിനും ക്ഷേത്ര പാട്ടമ്പലത്തിൽ ഇതോടെ തുടക്കമായി.ഡിസംബർ ഒന്ന് വരെ നടക്കുന്ന മേള ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് നടത്തുന്നത്. ഉണക്ക സ്രാവ് ഇന്നും മേളയിൽ പ്രാധാനഇനം തന്നെ. കാർഷിക ഉത്പന്നങ്ങൾ, പണി ആയുധങ്ങൾ, ഫർണീച്ചർ, കല്ല് കൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ, വസ്ത്രം, ചെരുപ്പ്, പൂച്ചെടികൾ അടക്കം ഉപ്പ് തൊട്ട് കർപ്പൂരം വരെ മേളയിൽ ലഭ്യമാണ്.