
തിരുവല്ല : മുളയ്ക്കാത്ത വിത്ത് ലഭിച്ചതിനെ തുടർന്ന് വിത മുടങ്ങിയ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് മണ്ണൂത്തിയിൽ നിന്ന് പുതിയ നെൽവിത്ത് എത്തിച്ചു. തടസങ്ങൾ നീങ്ങിയതോടെ അടുത്തയാഴ്ച വിതയ്ക്കാനുള്ള ഒരുക്കങ്ങൾ കർഷകർ തുടങ്ങി. അപ്പർകുട്ടനാട്ടിലെ നെൽകർഷകർക്ക് പുഞ്ചകൃഷി ചെയ്യാൻ ലഭിച്ച വിത്ത് മുളയ്ക്കാത്തത് സംബന്ധിച്ച് കേരളകൗമുദി നിരന്തരം റിപ്പോർട്ടുകൾ നൽകിയതിനെ തുടർന്നാണ് നടപടി. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് 25 ടൺ നെൽവിത്ത് വെള്ളിയാഴ്ച വൈകിട്ട് എത്തിച്ചത്. കർഷകർക്ക് ഇഷ്ടപ്പെട്ട ഗുണമേന്മയുള്ള ജ്യോതി വിത്ത് തന്നെ ലഭ്യമാക്കി. കിലോയ്ക്ക് 42 രൂപ പ്രകാരമാണ് വില. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകപ്രതിനിധികളും പെരിങ്ങര സഹകരണ ബാങ്ക് അധികൃതരുമെല്ലാം പങ്കെടുത്ത യോഗത്തിൽ അടിയന്തരമായി മണ്ണുത്തിയിൽ നിന്ന് പുതിയ വിത്ത് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ഇത്തവണ ലഭിച്ച നെൽവിത്താണ് മുളയ്ക്കാതിരുന്നത്, പടവിനകം ബി പാടത്തെ കർഷകർ മുളയ്ക്കാത്ത വിത്ത് ഒഴിവാക്കി സ്വകാര്യ ഏജൻസിയുടെ വിത്ത് വാങ്ങി ദീപാവലി നാളിൽ തന്നെ വിതച്ചു. എന്നാൽ നിലം ഒരുക്കിയ മറ്റു പാടശേഖരങ്ങൾ വിത കാത്തിരിക്കുകയാണ്. ഈമാസം ആദ്യവാരത്തിൽ വിതയ്ക്കാൻ നിശ്ചയിച്ചിരുന്ന 15 പാടങ്ങളിൽ രണ്ടാഴ്ചയിലേറെ വിത്ത് വിതയ്ക്കാൻ വൈകി. അഞ്ഞൂറോളം കർഷകർക്കാണ് ഇതുമൂലം ബുദ്ധിമുട്ടുണ്ടായത്.
15 പാടങ്ങളിൽ വിത വൈകി,
എത്തിക്കുന്നത് 70 ടൺ വിത്ത്
കൂടുതൽ കർഷകരിലേക്ക്
മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് 30 കിലോ വീതമുള്ള പായ്‌ക്കറ്റുകളിലാണ് കർഷകർക്ക് വിത്ത് ലഭിച്ചത്. ആവശ്യക്കാർ കൂടിയതോടെ 45 ടൺ വിത്ത് കൂടി നാളെ എത്തിക്കുന്നതിന് കൃഷി വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു.
പുതിയ നെൽവിത്ത് കിളിർക്കുമോയെന്ന് പരിശോധിക്കാൻ മൂന്ന് ദിവസം വേണ്ടിവരും. അതിനുശേഷം അടുത്തയാഴ്ച പാടത്ത് വിതയ്ക്കാനാകും.
മാത്തൻ ജോസഫ്, (കർഷകൻ)